ന്യൂഡല്‍ഹി: തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ നേസല്‍ സ്പ്രേയുടെ ഗവേഷണത്തെക്കുറിച്ചും പരീക്ഷണം വിജയിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും സൂചിപ്പിച്ചിരുന്നു. കൈയില്‍ കുത്തിവെപ്പിലൂടെ നല്കുന്ന വാക്സിന് പകരം മൂക്കിലൂടെ തുള്ളിമരുന്ന് രീതിയില്‍ നല്കുന്ന വാക്സിനാണ് നേസല്‍ വാക്സിന്.
കഴിഞ്ഞ വര്‍ഷം, മൂക്കിലൂടെ നല്കാവുന്ന വാക്സിന് ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിരുന്നു. പരീക്ഷണത്തില്‍ വാക്സിന് ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു. ഇതിന്റെ കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ വരുന്നതോടെ മഹാമാരിയെ ചെറുക്കാനുള്ള പ്രധാന ഉപാധിയായി ഇവ മാറിയേക്കാം.
ഇന്ത്യയില്‍ നേസല്‍ വാക്സിന്റെ ഗവേഷണം പുരോഗമിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന് അറിയിച്ചിരുന്നു. ഭാരത് ബയോടെകിന്റെ ഇന്‍ട്രാനേസല്‍ വാക്സിനായ ബി.ബി.വി154 പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
നേസൽ വാക്സിന് സ്വീകരിക്കാന്‍ കുത്തിവെപ്പിന്റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് പ്രധാന ഗുണം. കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമോ സഹായമോ ഇല്ലാതെ വാക്സിന് സ്വീകരിക്കാന്‍ സാധിക്കും.
വൈറസ് ശരീരത്തിനകത്ത് പ്രധാനമായും പ്രവേശിക്കുക മൂക്കിലൂടെയാണ് അതിനാല്‍ തന്നെ വൈറസ് പ്രവേശിക്കുന്ന സ്ഥലത്ത് തന്നെ ശക്തമായ പ്രതിരോധ ശേഷി സൃഷ്ടിക്കും. ഇത് വൈറസിനെ പ്രതിരോധിക്കുന്നതിനും പകര്‍ച്ച ഒഴിവാക്കുന്നതിനും സഹായിക്കും. പ്രവേശന കവാടത്തില്‍തന്നെ തടയുന്നതിനാല്‍ ശ്വാസകോശത്തില്‍ പ്രവേശിക്കില്ല, അതിനാല്‍ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കില്ല.
Post Your Comments