വാഷിംഗ്ടൺ : ലോക രാജ്യങ്ങളിലെല്ലാം തന്നെ കോവിഡ് വാക്സിനേഷൻ വളരെ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ മാക്സിമം വാക്സിനേഷന് എത്തിക്കാനുള്ള തന്ത്രപ്പാടിലാണ്. അതേസമയം കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ വിമാനകമ്പനിയായ യ യുനൈറ്റഡ് എയര്‍ലൈന്‍സ്.
‘ഷോട്ട് ടു ഫ്ലൈ ‘ പദ്ധതി പ്രകാരം ജൂണില്‍ എല്ലാ ദിവസവും രണ്ടുപേര്‍ക്ക് റൗണ്ട് ട്രിപ്പും അഞ്ചുപേര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള പാസുമാണ് നല്‍കുക. ആളുകളെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ ഞങ്ങളും പങ്കുചേരുന്നതില്‍ അഭിമാനമുണ്ടെന്ന് യുനൈറ്റഡ് സി.ഇ.ഒ സ്കോട്ട് കിര്‍ബി പറഞ്ഞു. ‘വാക്സിനേഷന് എടുക്കാന്‍ ആളുകള്‍ക്ക് ഒരു കാരണം കൂടി നല്കുന്നതില് ഞങ്ങള്‍ സന്തുഷ്ടരാണ്. അതുവഴി അവര്‍ക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം ഏറെ നാളുകള്‍ക്ക് ശേഷം കാണാനാകും. കൂടാതെ അവധിക്കാലം ആസ്വദിക്കാനും സാധിക്കും’ -സ്കോട്ട് കിര്‍ബി കൂട്ടിച്ചേര്‍ത്തു.
18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു യു.എസ് നിവാസിക്കും ഇതില്‍ പങ്കെടുക്കാം. യാത്രക്കാര്‍ക്ക് വാക്സിനേഷന് രേഖകള്‍ ഔദ്യോഗിക വെബ്സൈറ്റിലോ യുനൈറ്റഡ് എന്ന ആപ്പിലോ ജൂണ്‍ 22 വരെ അപ്ലോഡ് ചെയ്യാം. തുടര്‍ന്ന്, ജൂണ്‍ മാസത്തില്‍ എല്ലാ ദിവസവും തെരഞ്ഞെടുക്കുന്നവര്‍ക്ക് കമ്പനി ഒരു സൗജന്യ റൗണ്ട് ട്രിപ്പ് നല്‍കും. ഇതില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. യുനൈറ്റഡ് സര്‍വിസ് നടത്തുന്ന ലോകത്തെവിടേക്കും ഇവര്‍ക്ക് പറക്കാനാകും. ഇത്തരത്തില്‍ മത്സരം അവസാനിക്കുന്നത് വരെ 30 ജോഡി ടിക്കറ്റുകള്‍ കമ്പനി നല്‍കും. ജൂലൈ ഒന്നിനാണ് മെഗാവിജയികളെ തെരഞ്ഞെടുക്കുക.
Post Your Comments