ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർആർആർ’. റിലീസ് ചെയ്യുന്നതിന് മുൻപേ 900 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. നേരത്തെ ചിത്രത്തിന്‍റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി) സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഹിന്ദി തീയറ്റർ റൈറ്റും പെന്‍ നേടിയിരുന്നു. എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്‍കിയത് 475 കോടി ആയിരുന്നു.
ഇപ്പോഴിതാ പെന്‍ ഗ്രൂപ്പില്‍ നിന്നും ഹിന്ദി തീയറ്റർ റൈറ്റ് ഒഴികെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് ‘പിങ്ക് വില്ല’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ പ്രീ-റിലീസ് വരുമാനം വേറെ ഉണ്ട്. തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്‍റെ പ്രീ-റിലീസ് ബിസിനസ്.
ഏറെ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ബാഹുബലിയെ കടത്തിവെട്ടുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഡി വി വി ധനയ്യ ആണ് ആർആർആർ നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.
Post Your Comments