ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോൾ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
5000-10000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്ന് രാജ്യത്ത് നേരത്തെ പരിമിതമായ അളവിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തില്‍ കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കില്‍ റെക്കോഡ് വര്‍ധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്.
ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ മെയ് മാസത്തില്‍ 21 ദിവസം പിന്നിട്ടപ്പോള്‍ തന്നെ രോഗികളുടെ കണക്ക് 71.30 ലക്ഷമാണ്. പ്രതിദിനം നാല് ലക്ഷത്തിലധികം രേഖപ്പെടുത്തിയിരുന്ന കോവിഡ് കേസുകളില്‍ നിലവില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് കുത്തനെ ഉയരുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
Post Your Comments