ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മറ്റ് ആരാധനാലയങ്ങളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ ഡല്‍ഹി മര്‍ക്കസില്‍ മാത്രം ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. ഇരുനൂറ് പേരുടെ പട്ടികയില്‍ നിന്ന് 20 പേര്‍ക്ക് മാത്രമേ മര്‍ക്കസില്‍ പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ എന്ന് കൊവിഡ് പ്രതിരോധത്തിനായുളള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
Read Also : ഇനി ഇന്ത്യയിലേയ്ക്ക് വരുന്നത് യു.എസ്, യു.കെ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിന്
മറ്റ് ആരാധനാലയങ്ങളില്‍ ഇങ്ങനെ വിശ്വാസികളുടെ എണ്ണം പറയുന്നില്ല. പളളിയിലോ ക്ഷേത്രത്തിലോ ചര്‍ച്ചിലോ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ 200 പേരുടെ പട്ടിക തയ്യാറാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുനൂറ് പേരുടെ പട്ടികയില്‍ നിന്ന് വെരിഫൈ ചെയ്ത ഇരുപത് പേരുടെ പട്ടിക മര്‍ക്കസ് മാനേജ്മെന്റ് വ്യക്തമാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് റമദാന് മാസത്തില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാമെന്ന നിലപാടിലേക്ക് കേന്ദ്രമെത്തി. എന്നാല്‍ ഈ അനുമതി ധാരണകളുടെ പുറത്താണെന്നും കൊവിഡ് നിബന്ധനകള്‍ പാലിക്കാന്‍ മോസ്ക് മാനേജ്മെന്റിന് ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
മര്‍ക്കസ് അധികൃതര്‍ ദൈനംദിന പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. മര്‍ക്കസിനുള്ളില്‍ എത്തിയ വിശ്വാസികളുടെ പേരുവിവരം അടക്കമുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കി.
Post Your Comments