കണ്ണൂര്‍: ഗിന്നസ് റെക്കോർഡ് ഉടമ തൃശൂര്‍ നസീറിനെ കുട്ടിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ച കേസില്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. പിണറായി പുതുശ്ശേരി മുക്കിലെ മുഹത്തരത്തില് പി.പി. ഷെരീഫയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഷെരീഫയുടെ ഏഴുവയസ്സുള്ള കുട്ടിയുടെ കഴുത്തില്‍നിന്നാണ് ഒന്നര പവന് തൂക്കംവരുന്ന സ്വര്‍ണമാല മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് റോഡില്‍ വെച്ച് നസീര്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിക്കുന്ന ദൃശ്യം കണ്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷെരീഫയ്ക്ക് ഒരു ജോലി ശരിയായിട്ടുണ്ടെന്നും അതിനായി കണ്ണൂരിലെ ഒരു ഹോട്ടലില്‍ ഇന്റര്‍വ്യൂവിന് എത്തണമെന്നും ആവശ്യപ്പെട്ട് നസീര്‍ ഷെരീഫയുടെ ബന്ധുവിന് ഫോണ്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി ഭര്‍ത്താവും കുട്ടിയുമൊത്ത് കണ്ണൂരിലെത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ പരിചയമുള്ളവരാണുള്ളതെന്നും നസീര്‍ ഇവരെ വിശ്വസിപ്പിച്ചു.
read also: ശ്രീ ചിത്തിര തിരുനാളിനെതിരെ 3 വധശ്രമം നടന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വതി തിരുനാൾ
ഇന്റര്‍വ്യൂ നടക്കുന്ന ഹോട്ടലിന്റെ അകത്തേക്ക് യുവതിയെയും ഭര്‍ത്താവിനെയും കടത്തിവിട്ടശേഷം യുവതിയുടെ കുട്ടിയുമായി നസീര്‍ പുറത്തിറങ്ങി. മിമിക്രി കാണിച്ചും ഐസ്ക്രീം വാങ്ങിച്ചുകൊടുത്തും സന്തോഷിപ്പിക്കുന്നതിനിടയില്‍ കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍നിന്നും മാല കാണാതായ വിവരം വീട്ടുകാര്‍ അറിയുന്നത്. ഇന്റര്‍വ്യൂ നടന്ന ഹോട്ടലിലും സമീപപ്രദേശത്തും അന്വേഷിച്ചെങ്കിലും സ്വര്‍ണമാല കണ്ടെത്താനായില്ല. തുടര്‍ന്ന് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു .
Post Your Comments