പത്തനാപുരം (കൊല്ലം): പട്ടാഴി ദേവീക്ഷേത്രനടയില്‍ ദര്‍ശനത്തിനിടെ മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് സ്വന്തം സ്വര്‍ണവളകള്‍ സമ്മാനിച്ച സ്ത്രീയെ അന്വേഷിക്കുകയാണ് ഭക്തര്‍. വളകള്‍ വിറ്റ് മാലവാങ്ങി ഒപ്പം പട്ടാഴിയമ്മയ്ക്ക് സ്വർണ്ണപ്പൊട്ടും വാങ്ങി കാത്തിരിക്കുകയാണ്, കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്ര (68). തിങ്കളാഴ്ച വൈകിട്ട് കുഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുന്‍പ് ക്ഷേത്രത്തിലെത്തി പൊട്ട് സമര്‍പ്പിച്ചശേഷം അവിടെവെച്ച് പുത്തന്‍ മാല ധരിക്കാനാണ് സുഭദ്രയുടെ തീരുമാനം.
തിരുവാതിര ദിവസമായ ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വെച്ചായിരുന്നു സുഭദ്രയുടെമാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. വലംവെച്ച് തൊഴുന്നതിനിടെ തിരക്കില്‍ സുഭദ്രയുടെ രണ്ടുപവന്റെ മാല നഷ്ടപ്പെട്ടു. വിവരം അറിഞ്ഞതോടെ ഇവര്‍ നിലവിളിയോടെ നിലത്തു വീണുരുണ്ടത് നൊമ്പരക്കാഴ്ചയായി. പൊട്ടിക്കരഞ്ഞ ഇവരുടെ അടുത്തേക്ക് ഒരു അമ്മ എത്തുകയും രണ്ടു വള ഊരി നൽകി ‘ഇത് വിറ്റു മാല വാങ്ങിക്കോ’ എന്ന് ആശ്വസിപ്പിച്ചു മടങ്ങുകയുമായിരുന്നു.
വളകള്‍വിറ്റ് മാല വാങ്ങണമെന്നും, പട്ടാഴി ദേവീക്ഷേത്രത്തില്‍ വന്ന് പ്രാര്‍ഥിച്ചശേഷം ധരിക്കണമെന്നും പറഞ്ഞശേഷം, ആള്‍ക്കൂട്ടത്തില്‍ മറഞ്ഞ ഇവർക്കായി ഭക്തർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളില്‍ സംഭവം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ദേവസ്വം അധികൃതരും അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വീട്ടിലെത്തിയ സുഭദ്ര വീട്ടുകാരുമൊത്ത് ജൂവലറിയിലെത്തി വളകള്‍ വിറ്റ് മാലവാങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയെങ്കിലും വളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താനായിട്ടില്ല. ആയിരക്കണക്കിനാളുകള്‍ തിരുവാതിര നാളില്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. വളകള്‍ തന്നയാളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും സ്വന്തം മാല തിരിച്ചു കിട്ടിയാല്‍ അത് അവര്‍ക്കു നല്‍കുമെന്നും പതിവായി പട്ടാഴി ദേവീക്ഷേത്രദര്‍ശനം നടത്തുന്ന സുഭദ്ര പറഞ്ഞു. വളകള്‍ സമ്മാനിച്ചത് ദേവിതന്നെയോ എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വീഡിയോ വൈറലായിരിക്കുകയാണ്.
കശുവണ്ടിത്തൊഴിലാളിയായിരുന്ന സുഭദ്ര ഏറെക്കാലത്തെ സമ്പാദ്യം സ്വരുക്കൂട്ടി വാങ്ങിയ മാലയായിരുന്നു നഷ്ടപ്പെട്ടത്. ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു മറ്റൊരു സ്ത്രീയുടെ കൈപിടിച്ചെത്തിയ കണ്ണടധരിച്ച സ്ത്രീ സുഭദ്രയുടെ അരികിലെത്തി. സമാധാനിപ്പിക്കുന്നതിനിടെ അവര്‍ കൈയിലെ രണ്ടു വളകള്‍ ഊരി സുഭദ്രയ്ക്കു നല്‍കുകയായിരുന്നു.
Post Your Comments