ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇടപെട്ട് ഇന്ത്യ. പ്രാദേശിക സര്‍ക്കാരുകളുമായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും, അധികൃതരും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. കിഴക്കന്‍ ബംഗ്ലാദേശിലെ മുറാദ്‌നഗറിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇന്ത്യയുടെ ഇടപെടല്‍.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാനായി പോലീസും അധികൃതരും അതീവ ജാഗ്രത തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പ്രാദേശിക ഭരണകൂടവുമായും, ബംഗ്ലാദേശ് സര്‍ക്കാരുമായും ഇന്ത്യന്‍ ഹൈക്കമ്മീഷനും അധികൃതരും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് മുറാദ്‌നഗറില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഫ്രാന്‍സില്‍ സാമുവല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ മതമൗലികവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഫ്രാന്‍സില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്‍ പ്രശംസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്
Post Your Comments