തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയില്‍ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ ചട്ടവിരുദ്ധമായി പഞ്ചായത്ത് അംഗത്തിന്റെ ഭൂമി തന്നെ വിലയ്ക്കുവാങ്ങി കിളിമാനൂര്‍ പഞ്ചായത്തിലെ സിപിഎം ഭരണസമിതി. ഭൂമിയിടപാട് പാസാക്കിയ യോഗത്തില്‍ വില്പന നടത്തിയ പഞ്ചായത്തംഗവും ചട്ടവിരുദ്ധമായി പങ്കെടുത്ത് വോട്ടുചെയ്തെന്നതിന്റെ രേഖകളും പുറത്തു വന്നു.
കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ സിപിഐയുടെ രണ്ടു അംഗങ്ങള്‍ വിയോജനകുറിപ്പ് എഴുതിയിട്ടും ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയത്തിന് സര്‍വ ചട്ടങ്ങളും കാറ്റില്‍പറത്തി പഞ്ചായത്ത് നേതൃത്വം ഭൂമി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
കിളിമാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ.ബിന്ദു അവരുടെ ഭര്‍തൃസഹോദരി എന്നിവരുടെ
ഒന്നരയേക്കറോളം വരുന്ന ഭൂമി 67, 36,600 ലക്ഷം രൂപയ്ക്കാണ് സിപിഎം ഭരണസമിതി വിലയ്ക്കു വാങ്ങിയത്.
ബന്ധുക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും തീരുമാനമെടുക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ വിട്ടുനില്‍ക്കണ ചട്ടം നിലനില്‍ക്കെ ഭൂമിയിടപാട് പാസാക്കിയ യോഗത്തിലെ ആദ്യ പേര് തന്നെ ഭൂമി വില്പന നടത്തിയ പഞ്ചായത്തംഗം എ ബിന്ദുവിന്റേതാണ്.
നാലുപേര്‍ ഭൂമി വില്ക്കാന് താല്പര്യം അറിയിച്ചെങ്കിലും രണ്ടുപേരെ ഒഴിവാക്കി വിപണിവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഭൂമി വാങ്ങിയത്. ഇതിനെതിരെ സിപിഐയുടെ രണ്ട് അംഗങ്ങള്‍ രേഖമൂലം വിയോജിപ്പ് എഴുതിയിട്ടും ഭൂമി ഇടപാടുമായി മുന്നോട്ട് പോകാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.
Post Your Comments