പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡോ.നെല്‍സണ്‍ ജോസഫ്. അയാള്‍ക്ക് അടി കിട്ടിയതില്‍ സഹതാപം എന്നൊരു വികാരം ഒരു തരത്തിലും തോന്നുന്നില്ല. എന്നാല്‍ അടി കൊടുത്തതിനെ പ്രതിരോധമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നതൊക്കെ ആഘോഷിക്കപ്പെടേണ്ടതാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
ഇതിനു കാരണമായി പലകാരണങ്ങള്‍ ഉണ്ടെന്നും നെല്‍സണ്‍ പറയുന്നു. അയാള്‍ ചെയ്തത് ഒരു ന്യായീകരണവും അര്‍ഹിക്കാത്ത തെറ്റാണെന്ന് വ്യക്തമാണ്. പക്ഷേ ഇത്തരം സംഭവങ്ങളില്‍ തല്ലുന്നത് മാത്രമാണ് പരിഹാരം എന്ന സ്ഥിതിയിലേക്ക് വരുന്നത് കൂടുതല്‍ കുഴപ്പങ്ങളേ ഉണ്ടാക്കൂ എന്നതാണ് ഒന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത്.
നിയമം ശരിയാം വണ്ണം നടക്കുന്നില്ല എന്നതിനു പരിഹാരം നിയമം സ്വയം നടപ്പാക്കലല്ലയെന്നും നടപ്പാവാത്ത നിയമം നടപ്പാക്കാന്‍ ആരൊക്കെ ഏതൊക്കെ അറ്റം വരെപ്പോവുമെന്ന് വെറുതെയൊന്ന് ആലോചിച്ച് നോക്കിയാല്‍ മതിയെന്നും അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും ചിന്തിച്ചാല്‍ മതിയെന്നും നെല്‍സണ്‍ പറയുന്നു.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഒരുത്തനെ പെണ്ണുങ്ങള്‍ പഞ്ഞിക്കിടുന്ന വീഡിയോയാണ് കണ്ടത്.
കഥാനായകന്റെ വീഡിയോ തലേ ദിവസം കണ്ടതായിരുന്നതുകൊണ്ട് ഒട്ടും അദ്ഭുതം തോന്നിയില്ല. സ്ത്രീവിരുദ്ധത എന്നൊക്കെപ്പറഞ്ഞാല്‍ കുറഞ്ഞ് പോവും എന്ന് തോന്നിക്കുന്ന തരം വീഡിയോകള്‍.
അയാള്‍ക്ക് അടി കിട്ടിയതില്‍ സഹതാപം എന്നൊരു വികാരം ഒരു തരത്തിലും തോന്നുന്നില്ല. എന്നാല്‍ അടി കൊടുത്തതിനെ പ്രതിരോധമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നതൊക്കെ ആഘോഷിക്കപ്പെടേണ്ടതാണെന്ന് കരുതുന്നില്ല.
ഒന്നിലധികം കാരണങ്ങളാണ്.
അയാള്‍ ചെയ്തത് ഒരു ന്യായീകരണവും അര്‍ഹിക്കാത്ത തെറ്റാണെന്ന് വ്യക്തമാണ്. പക്ഷേ ഇത്തരം സംഭവങ്ങളില്‍ തല്ലുന്നത് മാത്രമാണ് പരിഹാരം എന്ന സ്ഥിതിയിലേക്ക് വരുന്നത് കൂടുതല്‍ കുഴപ്പങ്ങളേ ഉണ്ടാക്കൂ.
രണ്ടേമുക്കാല്‍ ലക്ഷത്തിലധികം വ്യൂ ഉള്ള ഒരു വീഡിയോയാണ് അക്കൂട്ടത്തിലുള്ളത്. സ്ത്രീവിരുദ്ധത അത്ര പ്രകടമായുള്ള ഒരു വീഡിയോയെക്കുറിച്ച് പരാതി ലഭിക്കുമ്പൊ നടപടിയെടുക്കാന്‍ ഇവിടത്തെ നിയമസംവിധാനത്തിന് കഴിയുന്നില്ലെങ്കില്‍ അത് ഒരു പരാജയമാണ്.
നിയമസംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നോ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നോ ഒക്കെ പൊതുബോധമുണ്ടാവുന്നത് എത്ര അപകടകരമായ പരിതസ്ഥിതിയാവും ഉണ്ടാക്കുകയെന്ന് ആലോചിച്ചാല്‍ മതി.
രണ്ടാമത്തേത് ആള്‍ക്കൂട്ടം വിധി കല്പിക്കുന്നതിന്റെ കാര്യമാണ്.
ആള്‍ക്കൂട്ടത്തിന്റെ ശരിയും തെറ്റുമൊക്കെ പൊതുബോധമനുസരിച്ച് മാറിക്കൊണ്ടിരിക്കും. മാപ്പ് അര്‍ഹിക്കാത്ത തെറ്റുകളുടെ ത്രെഷോള്‍ഡ് പല സമൂഹത്തിലും പലതായിരിക്കും. കൊലപാതകം വരെ പ്രതിരോധമായി അവതരിപ്പിക്കുന്നിടമുണ്ടായിരിക്കും..
തെറ്റെന്ന് വ്യക്തമായി അറിയുന്ന കാര്യത്തിന് പോലും നിയമം എന്തുകൊണ്ടാണ് ഒരു പ്രത്യേക വഴി സ്വീകരിക്കുന്നത് എന്ന് പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്.
അതുപോലെ സ്ത്രീകളെ അപമാനിച്ചവരെ മര്യാദ പഠിപ്പിക്കാന്‍ പോവുന്നവര്‍ അവരുടെ കമന്റ് ബോക്‌സില്‍ ചെന്ന് ആ വീട്ടിലുള്ള പെണ്ണുങ്ങളെ അസഭ്യം പറയുന്നതിന്റെ ഐറണിയും ശരികേടും എഴുതിയിട്ടുള്ളതുമാണ്….ആവര്‍ത്തിക്കുന്നില്ല..
നിയമം ശരിയാം വണ്ണം നടക്കുന്നില്ല എന്നതിനു പരിഹാരം നിയമം സ്വയം നടപ്പാക്കലല്ല.
നടപ്പാവാത്ത നിയമം നടപ്പാക്കാന്‍ ആരൊക്കെ ഏതൊക്കെ അറ്റം വരെപ്പോവുമെന്ന് വെറുതെയൊന്ന് ആലോചിച്ച് നോക്കിയാല്‍ മതി..അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും.
എത്രപേരെ എത്ര കാര്യങ്ങള്‍ക്ക് വീട് കയറി തല്ലും? തിരിച്ച് തല്ലാന്‍ കഴിയുന്ന ഒരാളെയാണെങ്കില്‍ തല്ലാന്‍ പോവുമോ? ഇനി തല്ല് കൊടുക്കാന്‍ കഴിയാത്ത ഒരാള്‍ക്കാണെങ്കില്‍ നീതി കിട്ടേണ്ടേ?
ഒന്നുകില്‍ തല്ലിയവരുടെ ഒപ്പം നില്‍ക്കണം.
അല്ലെങ്കില്‍ തല്ല് കൊണ്ടയാള്‍ക്കൊപ്പമാണ്.
ഈ രണ്ട് പക്ഷത്തും തല്‍ക്കാലം നില്‍ക്കാന്‍ നിര്‍വാഹമില്ല.
ഇനി ഇങ്ങനെ തല്ലാനിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്താണു ചെയ്യേണ്ടതെന്ന് ചിന്തിക്കാനാണെങ്കില്‍ കൂടെ നില്‍ക്കാം.
Post Your Comments