സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ സംഭവിച്ചു. കൺസൾട്ടൻസി,സ്വർണക്കടത്ത് വിവാദങ്ങൾ ഒന്നിനുമേൽ ഒന്നായി സെക്രട്ടറിയേറ്റിന് മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് നാളുകുറച്ചായി. കണ്ടില്ലെന്ന് നടിച്ചു,അവഗണിച്ചു ,പുച്ഛിച്ചു ,ഏറ്റവുമൊടുവിൽ സത്യം പകൽപോലെ പുറത്ത് വന്നപ്പോൾ എല്ലാം കൈവിട്ടു പോയി, ഒടുവിൽ എൻ.ഐ.എയുടെ കൈയ്യിലുമായി. അടുത്തനടപടി കൂട്ടായി തീരുമാനമെടുത്തു മുന്നോട്ട് പോകാനാണ്. ഇനിയെല്ലാം 28ന് എൽ ഡി എഫ് യോഗത്തിൽ. സംസ്ഥാന സർക്കാരിന്റെ വിവാദമായ പലതീരുമാനങ്ങളും യോഗത്തിൽ ചർച്ചാവിഷയമാകും. പ്രൈസ് വാട്ടർ കൂപ്പർ കൺസൾറ്റൻസി,സ്വർണക്കടത്ത് എന്നീകരാറുകൾ രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവെച്ച സംഭവത്തിൽ ചർച്ചചെയ്തേ മതിയാകു.
കരുക്കുകൾ ദിനം പ്രതി ഇങ്ങനെ മുറുകുമ്പോൾ വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വലിയ വെല്ലുവിളിതന്നെയാണ് .തങ്ങളുടെ ഇമേജിന് കോട്ടം തട്ടുന്ന സാഹചര്യങ്ങളിൽ നിന്നും ഒരു ക്ലീൻ ചീറ്റിൽ കുറഞ്ഞതൊന്നും സിപിഎം ആഗ്രഹിക്കുന്നില്ല .അത്കൊണ്ട് തന്നെ 28ന് ചേരുന്ന എൽഡിഎഫ് യോഗം പ്രധാനമായും വിലയിരുത്തുന്നതും അതുതന്നെയാവും .രാഷ്ട്രീയ പ്രതിസന്ധി സൃഷ്ട്ടിച്ചു കൊണ്ട് പ്രതിപക്ഷം മാത്രമല്ല സിപിഐ പോലും ഒളിഞ്ഞും തെളിഞ്ഞും തങ്ങളെ കുറ്റപ്പെടുത്തുന്ന കാര്യം മുന്നണിയിലെ വല്ലേട്ടന് നന്നായി അറിയാം . സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പലകുറി സിപിഎമ്മിന്റെ നിലപാടുകളിൽ പരോക്ഷ വിമർശനങ്ങളുമായി ഇതിനോടകം രംഗത്തുമെത്തി, മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതം ആകണമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു കാനം തുടക്കം കുറിച്ചത് .
പിന്നീട് സ്‌പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന്, ഐ.ടി സെക്രട്ടറി ശിവശങ്കറെ മാറ്റണമെന്നും, മന്ത്രിസഭയെ ഇരുട്ടിൽ നിറുത്തിയുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടതും കാനം ഓർമ്മിപ്പിച്ചു. അവിടംകൊണ്ടും തീർന്നില്ല ജനയുഗത്തിൽ സിപിഐ നേതാവ് സത്യൻ മൊകേരി എഴുതിയ ലേഖനവും വിവാദത്തിന്റെ തുടർക്കഥയായി . സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊകേരിയുടെ ലേഖനത്തിന് പിന്നാലെയാണ് കഴിഞ്ഞദിവസം സി.ദിവാകരൻ സ്പീക്കറെ തന്നെ വിമർശിച്ച് രംഗത്തെത്തുമെത്തിയത് . എന്തായാലും 28ന് നടക്കാൻ പോകുന്ന യോഗത്തിൽ നഷ്ടപെട്ട ഇമേജ് വീണ്ടെടുക്കുക മാത്രമാവില്ല സിപിഎമ്മിന്റെ ലക്‌ഷ്യം, മറ്റെന്തൊക്കൊയോ ആണ് .
നെജിത ക്ലെമന്റ്
Post Your Comments