MollywoodLatest NewsKeralaCinemaIndiaBollywoodEntertainmentHollywoodKollywood

അടൂരിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും,ഫെഫ്ക സംവിധായകരുടെ കൂട്ടായ്‌മയും .

മമ്മൂട്ടി ഉൾപ്പടെ ഉള്ള നടന്മാരും അദ്ദേഹത്തിന് ആശംസകളുമായി എത്തി....

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായനായ ശ്രീ അടൂർഗോപാലകൃഷ്ണന് സംവിധായകർ ആശംസകൾ അറിയിക്കാൻ മറന്നില്ല.നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂരിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. കേരളത്തിൽ സമാന്തര സിനിമയുടെ പിതാവുമായ അടൂർ ഗോപാലകൃഷ്ണന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം ആയുരാരോഗ്യ സൗഖ്യവും ആശംസിച്ചിരുന്നു.ചില സംവിധായകർ നേരിട്ടും ഫേസ്ബുക്കിലൂടെയും ആണ് ആശംസകൾ അറിയിച്ചത്.സംവിധായകർ കൂടാതെ മലയാളത്തിലെ മമ്മൂട്ടി ഉൾപ്പടെ ഉള്ള നടന്മാരും അദ്ദേഹത്തിന് ആശംസകളുമായി എത്തി….

ഫെഫ്ക സംവിധായകരുടെ ഫേസ്ബുക്ക് കുറിപ്പ് ;
ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനമാണിന്ന്. മലയാള സിനിമയുടെ ശൈശവവും ബാല്യവും അടൂരിന്റെ ബാല്യ കാലവും ഏറെക്കുറേ കടന്നു പോയത് ഒരേ കാലയളവിലാണ് എന്നു പറയാം. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ചരിത്രഘട്ടങ്ങള്‍ക്ക് സാക്ഷിയായ ഒരാള്‍ കൂടിയാണ് അദ്ദേഹം. നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂരിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. സിനിമ എടുക്കാന്‍ പഠിക്കണം എന്നതിനോടൊപ്പം സിനിമ കാണാനും പഠിക്കണം എന്നു മലയാളിയെ ബോധ്യപ്പെടുത്തിയ ചലച്ചിത്രകാരനാണ് അടൂർ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവും പ്രശസ്ത മലയാള ചലച്ചിത്രസംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ 3-ന് ജനിച്ചു.

നാടകത്തിലുള്ള കമ്പം കാരണമാണ് അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയത് . ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ കണ്ടെത്തുകയായിരുന്നു. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം റാങ്കോടെ ചലച്ചിത്രപഠനം പൂർത്തിയാക്കിയ അടൂർ ഗോപാലകൃഷ്ണൻ, അതേ വർഷം തന്നെ കുളത്തൂർ ഭാസ്കരൻ നായരുടെ പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയും, സ്വതന്ത്രമായി സിനിമകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും നിർവഹിക്കാനായി ചിത്രലേഖ ഫിലിം കോപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്രസ്ഥാപനമാണു ചിത്രലേഖ ഫിലിം കോപ്പറേറ്റീവ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.

അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു.
സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.
സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങള്‍.
ഏഴു തവണ ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തിന് അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂര്‍ണ്ണവുമായ ചിത്രത്തിന് 1982 ഇല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അവാര്‍ഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്നിര്‍ത്തി ഇന്ത്യാ ഗവര്‍ണ്മെന്റില്‍നിന്നു പത്മശ്രീ ലഭിച്ചു.
അടൂരിന്റെ ചലച്ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജേർണലിസ്റ്റിക് നിരൂപണങ്ങളും അഭിമുഖങ്ങളും അല്ലാതെ അക്കാദമിക് പഠനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
മലയാളത്തിലെ ചലച്ചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഒന്നാം നമ്പർ അംഗവും കേരളത്തിൽ സമാന്തര സിനിമയുടെ പിതാവുമായ അടൂർ ഗോപാലകൃഷ്ണന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button