റിയാദ്: വന്ദേ ഭാരത് മിഷന് രണ്ടാം ആഴ്ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലിറങ്ങി. റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചക്ക് 12.46ന് 152 യാത്രക്കാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു. രാത്രി എട്ടോടെയാണ് കണ്ണൂരിലെത്തിയത്. 145 മുതിര്‍ന്നവരും ഏഴ് കുട്ടികളുമാണ് ഈ വിമാനത്തിലുള്ളത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 60,000ത്തോളം ആളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ആഴ്ചയിലെ വിമാനങ്ങളില്‍ പോകുന്നത്.
യാത്രക്കാരില്‍ കൂടുതലും ഗര്‍ഭിണികളാണ്. മറ്റ് രോഗങ്ങള്‍ ബാധിച്ചവരും ജോലി നഷ്ടമായി ഫൈനല്‍ എക്സിറ്റില്‍ പോകുന്നവരും സന്ദര്‍ശന വിസയില്‍ വന്ന് കുടുങ്ങിയവരും സന്ദര്‍ശക വിസയിലും സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും യാത്രക്കാരിലുണ്ട്.
ഒരു വീല്‍ചെയര്‍ യാത്രക്കാരനും കൂട്ടത്തിലുണ്ട്. കോഴിക്കോട്, മലപ്പുറം തുടങ്ങി വിദൂര പ്രദേശങ്ങളിലേക്കുള്ളവരും കണ്ണൂര്‍ വിമാനത്തില്‍ പോയിട്ടുണ്ട്. രാവിലെ ഒമ്ബത് മണിക്ക് തന്നെ യാത്രക്കാരുടെ ലഗേജ് ചെക്ക് ഇന്‍, ബോര്‍ഡിങ് നടപടികള്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജ് നടപടികള്‍ക്ക് നേതൃത്വം നല്കി.
റിയാദില്‍ നിന്ന് കോഴിക്കോേട്ടക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും ചൊവ്വാഴ്ച വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്നു. റിയാദില്‍ നിന്ന് 152ഉം ദമ്മാമില്‍ നിന്ന് 143 പേരും ഇരു വിമാനങ്ങളിലുമായി യാത്ര ചെയ്തു. ബുധനാഴ്ച ദമ്മാമില്‍ നിന്ന് ബംഗളൂരു വഴി ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വിസ് നടത്തി.
Post Your Comments