കൂത്തുപറമ്പ്: കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ നടപടി. സംഘർഷത്തിൽ ഉൾപ്പെട്ട 29 വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യും. സ്കൂളിൽ ചേർന്ന അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനം.
സ്കൂളിൽ കയറി അനധികൃതമായി വീഡിയോ ചിത്രീകരിച്ച് സമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചയാൾക്കെതിരേ പോലീസിൽ പരാതി നൽകും. വ്യാഴാഴ്ച മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ സാധാരണനിലയിൽ പ്രവർത്തിക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11-ന് ഇടവേള സമയത്തായിരുന്നു പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഏതാനും വിദ്യാർഥികൾക്കും അധ്യാപകനും പരിക്കേറ്റിരുന്നു. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളും ഫർണിച്ചറും മറ്റും തകർത്തിരുന്നു.
ജൂനിയർ, സീനിയർ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ നേരത്തേയും സംഘർഷമുണ്ടായിരുന്നു. പി.ടി.എയും പോലീസും ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സംഘടിച്ചെത്തി വീണ്ടും അക്രമം നടത്തുകയായിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട 21 വിദ്യാർഥികളുടെ പേരിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തിരുന്നു.
സ്കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും സംഘർഷത്തിന് സാക്ഷികളായ അധ്യാപകരിൽനിന്ന് മൊഴിയെടുത്തുമാണ് അച്ചടക്ക സമിതി തീരുമാനമെടുത്തത്. യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് ടി.കെ. ഷെമീം അധ്യക്ഷത വഹിച്ചു.
കൂത്തുപറമ്പ് എ.സി.പി. എം. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, പ്രിൻസിപ്പൽ ഡോ. ലളിത, പ്രഥമാധ്യാപിക ഷീജ പൊനൊൻ, പഞ്ചായത്തംഗങ്ങളായ പി. സഫീറ, ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി എം.കെ. സുധി, അച്ചടക്കസമിതി കൺവീനർ ടി.പി. പത്മനാഭൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി. രാഘവൻ, എം. അശോകൻ, ഉമർ വിളക്കോട്, സി. ചന്ദ്രൻ, എൻ. ബാലൻ, എം. ദാസൻ എന്നിവർ സംസാരിച്ചു. 400-ഓളം രക്ഷിതാക്കളും പങ്കെടുത്തു.
Post Your Comments