മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും സ്പ്രിംഗ്ലര്‍ വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 20 തിങ്കളാഴ്ച നട്ടുച്ചപ്പന്തം എന്ന പേരില്‍ പ്രതിഷേധം ആരംഭിക്കാന്‍ യൂത്ത് ലീഗ്. അഞ്ച് പേരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഒരാള്‍ പന്തം പിടിക്കണം. മറ്റു നാലു പേര് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ച് ഇരു ഭാഗത്തുമായി നില്‍ക്കണമെന്നും 12.30 വരെ മുദ്രാവാക്യം വിളിക്കുകയും ശേഷം സമരം അവസാനിപ്പിക്കുകയും ചെയ്യുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.
‘ഒറ്റുകാരന് പിണറായി വിജയന് രാജി വെക്കുക’ , ‘സ്പ്രിംഗ്ലര്‍ അഴിമതി അന്വേഷിക്കുക’, എന്ന് പ്ലക്കാര്‍ഡില്‍ എഴുതി ഉയര്‍ത്തി പിടിച്ചാകും പ്രതിഷേധം. അതേസമയം കോവിഡ് കാലത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്ത മുഖത്തെ കഴുകന്റെ മനസാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. കരാര്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ആണെന്നും ഡാറ്റാ ക്രോഡീകരണ കരാര്‍ സ്പ്രിംക്ലര്‍ ഏറ്റെടുത്തതോടെ ആ കമ്പനിയുടെ വൈബ്സൈറ്റ് തന്നെ മരവിപ്പിച്ച അവസ്ഥയിലാണെന്നും പി കെ ഫിറോസ് പറഞ്ഞു. എക്സാലോജിക്ക് എന്ന കമ്പനിയുടെ ഡയറക്ടര്‍ വീണയാണ്.
Post Your Comments