തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന് ശേഷം ബസുകള്‍ ഓടിത്തുടങ്ങുമ്ബോള്‍ യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം നിര്‍ബന്ധമാക്കിയാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരും. ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ അകലം പാലിക്കണമെങ്കില്‍ യാത്രക്കാരുടെ എണ്ണം പകുതിയാക്കേണ്ടിവരും. കെ.എസ്.ആര്‍.ടി.സി.യുടെ മാതൃകയില്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍ സ്വകാര്യബസുകളിലില്ല എന്നതും തിരിച്ചടിയാകും. നിന്നുള്ള യാത്രയും അനുവദനീയമല്ല.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അകലം പാലിച്ച് രണ്ടുപേര്‍ക്ക് ഇരിക്കാനാകും.പകുതി യാത്രക്കാരായി കുറയ്ക്കുകകൂടി ചെയ്യുമ്പോള്‍ വരുമാനം കുത്തനെ കുറയുമെന്ന് സ്വകാര്യബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.നിശ്ചിത ശതമാനം നിരക്കുയര്‍ത്താന്‍ കഴിയുന്ന ഫ്‌ളെക്‌സി ചാര്‍ജ് സംവിധാനം സ്വീകരിക്കാമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ ഇത് ഫലപ്രദമല്ലെന്നും നിലവിലെ ടിക്കറ്റിന്റെ ഇരട്ടിയോളം ഈടാക്കേണ്ടിവരുമെന്നുമുള്ള സൂചനയാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരും സ്വകാര്യബസ് ഉടമകളും പങ്കുവെക്കുന്നത്.
നിലവില്‍ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 20 ശതമാനം അധികം യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാനുള്ള അനുമതി ബസുകള്‍ക്കുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കും.നിലവിലെ നിയന്ത്രണപ്രകാരം 50 സീറ്റുള്ള ബസില്‍ പരമാവധി 25 യാത്രക്കാരെ മാത്രമാകും കയറ്റാനാകുക. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കില്‍ ഇന്ധനച്ചെലവിനുള്ള തുകപോലും ലഭിക്കില്ല.
നഷ്ടം നികത്താനുള്ള മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും.നഷ്ടം നികത്താന്‍ ബദല്‍ നിര്‍ദേശമായി റൂട്ട് ബസുകള്‍ക്ക് നികുതികുറച്ച് ഡീസല്‍ നല്‍കണമെന്ന് സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, ജില്ലകള്‍ തമ്മില്‍ അതിര്‍ത്തി തിരിക്കുന്നതും റൂട്ട് ബസുകളെ ബാധിക്കും. ജില്ലാ അതിര്‍ത്തികളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് ഓടുന്ന നിരവധി ബസുകളുണ്ട്.
Post Your Comments