തിരുവനന്തപുരം : ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയ കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ തുടങ്ങി. 15 വര്‍ഷത്തോളം ശ്യാമള്‍ മണ്ഡലിന്റെ അച്ഛന് ബസുദേവ് മണ്ഡല് നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് വിചാരണ ആരംഭിച്ചത്. പിതാവിനെ തന്നെയാണ് ഇന്ന് വിസ്തരിച്ചത്. പണത്തിന് വേണ്ടിയാണ് പ്രതികള്‍ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് ബസൂദേവ് കോടതിയില്‍ പറഞ്ഞു.
കേസിലെ പ്രധാന പ്രതി മുഹമ്മദ് അലി മാത്രമാണ് ഇതുവരെ പിടിയിലായത്. മറ്റൊരു പ്രതിയെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥി ആയിരുന്ന ശ്യാമള്‍ മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് കോവളം ബൈപാസിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പോഴേക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീര്‍ണിച്ചിരുന്നു.
Post Your Comments