കാസര്‍കോട്: ക്വട്ടേഷനില്‍ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ടോമിന് ജെ.തച്ചങ്കരി ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എഡിജിപി പുറത്ത് വിട്ടില്ല. പത്ത് വര്‍ഷം മുമ്പ് ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
അതിനിടെ, രവിപൂജാരിയെ കാസര്‍കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ കൂടി പ്രതിചേര്‍ക്കുമെന്നും എഡിജിപി ടോമിന് ജെ.തച്ചങ്കരി പറഞ്ഞു. കാസര്‍ഗോഡ് ബേവിഞ്ച വെടിവെപ്പ് കേസിലടക്കമാണ് രവി പൂജാരിയെ പ്രതി ചേര്‍ക്കുക. ഈ രണ്ട് സംഭവങ്ങളിലും തനിക്ക് പങ്കുള്ളതായി രവി പൂജാരി കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടത്തിയ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍.
ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പോലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തിയിരുന്നു.പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളോടും രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉന്നതവൃത്തങ്ങള്‍ തയാറായില്ല. പൂജാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം തുടങ്ങിയെന്നാണു സൂചന. ചില കൊലക്കേസുകളില്‍ വീണ്ടും അന്വേഷണം നടത്തിയേക്കും. പൂജാരി കൈമാറിയ വിവരങ്ങള്‍ തെളിഞ്ഞാല്‍ സര്‍വീസിലുള്ള ചില ഉദ്യോഗസ്ഥര്‍ അഴിയെണ്ണുമെന്നാണ് സൂചന.
Post Your Comments