മലപ്പുറം: ഇപ്പോൾ രാജ്യത്തു നടക്കുന്ന ആസാദി സമരം സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.
മലപ്പുറത്തെ ആസാദി സ്ക്വയർ അഞ്ചാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യം എന്ന വാക്കു പോലും ഹിന്ദുത്വവാദികളെ അസ്വസ്ഥപ്പെടുത്തുന്നു.തിരിച്ചടികൾ ലഭിച്ചുതുടങ്ങിയപ്പോൾ ഭരണകൂടം മാറിച്ചിന്തിക്കുന്നുണ്ടെന്നും പതുക്കെ ഈ സമരം വിജയത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘അസ്സലാം അസ്സലാം ഇൻതിഫാദാ ഇൻക്വിലാബ്.. എൻ.ആർ.സി-സി.എ.എ-എൻ.പി.ആർ തേരേ നാം ഇസ്ലാമോ ഫോബിയ..’ ദൽഹിയിലെ പോരാട്ടത്തെരുവിൽ നിന്ന് ദേശാന്തരങ്ങളിലേക്ക് പൗരത്വ പ്രക്ഷോഭത്തിന്റെ കരുത്ത് വിളിച്ചറിയിച്ച ആ മുദ്രാവാക്യം ഇന്നലെ ആസാദി സ്‌ക്വയറിൽ മുഴങ്ങി.ആ മുദ്രാവാക്യങ്ങളിലൂടെ ശ്രദ്ധേയയായ ആൻ്റി-സി.എ.എ സമരനായിക റാനിയ സുലൈഖ ആസാദി സ്ക്വയറിൽ താരമായി.
സ്വത്വം പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയാൽ നിയമങ്ങൾക്കതീതമായ ശക്തികളിലൂടെ അതിനെ മർദ്ദിച്ചൊതുക്കും എന്നും പൗരത്വ പ്രക്ഷോഭത്തിനെതിരായ നീക്കങ്ങൾ ഇസ്ലാമോ ഫോബിക് ആയ ഭരണകൂടങ്ങൾക്കും ബ്യൂറോക്രസിക്കും വംശീയ ഉന്മൂലനം നടത്താനുള്ള ഒരു മറ മാത്രമാണ് എന്നും അവർ പറഞ്ഞു.
റോഡുപരോധത്തിനു പോലും സ്വത്വം നോക്കി കരിനിയമങ്ങൾ ചാർത്തുന്ന രാജ്യത്ത് ജനകീയസമരങ്ങൾക്കെതിരെ വെടിയുതിർക്കാൻ ആഹ്വാനം ചെയ്തവർ സർവതന്ത്രസ്വതന്ത്രർ.ജാമ്യം ലഭിച്ചാലും പുറത്തു വിടാതെയും സമരങ്ങളിൽ ബാരിക്കേഡിനകത്തു പോലിസിനെ നിയോഗിച്ചും നാടകവും മുദ്രാവാക്യവും പോലും ദേശദ്രോഹമായി പ്രഖ്യാപിച്ചും ഒരു ജനതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്ററെ പലഭാഗങ്ങളിലും ഡിറ്റൻഷൻ സെന്ററുകൾ ഒരുങ്ങുമ്പോൾ ഇനിയും തെരുവിലിറങ്ങാതിരിക്കാത്തവർക്കു എന്തു ന്യായമുണ്ട് എന്ന് അവർ ചോദിച്ചു.
മീഡിയ വൺ പൊളിറ്റിക്കൽ എഡിറ്റർ എ.റശീദുദ്ദീൻ,വെൽഫയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി,കേരള സാംസ്കാരിക പരിഷത്ത് പ്രസിഡൻറ് ഷരീഫ് ഉള്ളത്ത് സംസാരിച്ചു.
ഡോ.സിദ്റത്തുൽ മുൻതഹ ഫാസിസത്തിനെതിരെ പാട്ടു പ്രതിഷേധം അവതരിപ്പിച്ചു.എസ്.വൈ.എസ് സംഘടിപ്പിച്ച എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭത്തെ ആസാദി സ്ക്വയർ മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്തു.
ആസാദി സ്ക്വയറിൽ നാളെ (ഞായർ) ‘പൗരത്വ പ്രക്ഷോഭരംഗത്തെ വിദ്യാർത്ഥി നേതൃത്വത്തെ വേട്ടയാടുന്നത് ചെറുക്കുക’ എന്ന തലക്കെട്ടിൽ വിദ്യാർത്ഥി റാലിയും ഐക്യദാർഢ്യ സമ്മേളനവും നടക്കും. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് ലബീദ് ശാഫി, സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി,ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ,പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപെട്ട എസ്.ഐ.ഒ സംസ്ഥാന ശൂറാംഗം നഈം സി.കെ.എം ,പോലീസ് അന്യായമായി കേസ് ചുമത്തിയ സി.എഫ്.ഐ മലപ്പുറം സെൻട്രൽ ജില്ലാ കമിറ്റി പ്രസിഡന്റ് അർഷക്,പ്രഭാകരൻ വരപ്രാത്ത്,എസ് ഐ ഒ ജില്ലാ പ്രസിഡന്റ് സൽമാൻ ഫാരിസ് തുടങ്ങിയവർ പങ്കെടുക്കും.
Post Your Comments