ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനുശേഷം കാശ്മീര്‍ താഴ്വരയില്‍ പൊട്ടിപ്പുറപ്പെട്ട ക്രമസമാധാന പ്രശ്നങ്ങള്‍ കാശ്മീരികള്‍ക്ക് വേണ്ടത് “ആസാദി (സ്വാതന്ത്ര്യം)” ആണെന്നതിന്‍റെ ശക്തമായ തെളിവാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. സൈന്യം ഒരുക്കിക്കൊടുത്ത സുരക്ഷിതാവസ്ഥയുടെ മറവില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളെ അല്ല കാശ്മീരികള്‍ എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചതെന്നും ഒരു ഇംഗ്ലീഷ് മാഗസിന് വേണ്ടി എഴുതിയ ലേഖനത്തില്‍ അരുന്ധതി റോയ് വ്യക്തമാക്കി.
ബുര്‍ഹാന്‍ വാനിയുടെ വധത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും നടത്താത്ത ലേഖനത്തില്‍, അയാളുടെ വധത്തില്‍ പ്രതിഷേധിച്ച് അക്രമം അഴിച്ചുവിട്ടവരെ കാശ്മീരിന്‍റെ ആസാദിക്ക് വേണ്ടി നിലകൊള്ളുന്നവരായാണ് പറഞ്ഞിരിക്കുന്നത്. ഇവര്‍ അഴിച്ചുവിട്ട അക്രമങ്ങളെ നിയന്ത്രിക്കാനുള്ള സൈന്യത്തിന്‍റേയും പോലീസിന്‍റേയും മറ്റും ശ്രമങ്ങളെ മനുഷ്യാവകാശ ധ്വംസനങ്ങളായും ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കാശ്മീരികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ ഇന്ത്യ സൈനികശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരിക്കുകയാണെന്ന വാദവും അരുന്ധതി ഉന്നയിക്കുന്നു. പാകിസ്ഥാനും ഇന്ത്യയ്ക്കെതിരെ ഇതേ വാദമാണ് ഉന്നയിക്കുന്നതെന്ന വസ്തുതയും പരിഗണിക്കുമ്പോള്‍, അരുന്ധതിക്കെതിരെ ഈ ലേഖനത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്.
1990-കളുടെ തുടക്കത്തില്‍ സ്വജീവനും കൊണ്ട് കാശ്മീരില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നത്തെ കാശ്മീരികളുടെ പര്ശ്നമായി അരുന്ധതി കാണുന്നില്ല എന്നതും ലേഖനത്തില്‍ നിന്ന്‍ വ്യക്തമാണ്. പാകിസ്ഥാന്‍റെ ഒത്താശയോടെ കാശ്മീരില്‍ നടപ്പിലാക്കപ്പെടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രഭാവിതരാകുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടാക്കുന്ന ക്രമസമാധാനപ്രശ്നങ്ങളെയാകാം അരുന്ധതി കാശ്മീരികളുടെ മൊത്തത്തിലുള്ള സ്വാതന്ത്ര്യമോഹമായി ചിത്രീകരിച്ചത്. ഏതായാലും, സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആഹ്വാനത്തോടെയാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments