ഭോപ്പാൽ: മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കൾ തമ്മിലുള്ള പോര് മുറുകുമ്പോൾ അണികളും പരസ്‌പരം ചെളിവാരിയെറിയുകയാണ്. സർക്കാരിനെതിരെ ഭീഷണി മുഴക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തി. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷകരെ തെരുവില്‍ നിരത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി അദ്ദേഹമത് ചെയ്തു കാണിക്കട്ടെ എന്നാണ് കമല്‍നാഥിന്റെ മറുപടി. എന്തെങ്കിലും വാഗ്ദാനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് പാലിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. അതല്ലെങ്കില്‍ തങ്ങൾ തെരുവുകളിലേക്കിറങ്ങും , സിന്ധ്യയുടെ വെല്ലുവിളി ഇങ്ങനെയായിരുന്നു .കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലത്ത കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
2018 ഡിസംബറിൽ മദ്ധ്യപ്രദേശിൽ പാർട്ടി സർക്കാർ രൂപീകരിച്ചതുമുതൽ സിന്ധ്യയും നാഥും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നുണ്ട്. പ്രയാസകരമായ സാഹചര്യം കാരണം കർഷക വായ്പ ഒഴിവാക്കാൻ തന്റെ പാർട്ടിക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മന്ത്രിയുമായ ഗോവിന്ദ് സിംഗ് പറഞ്ഞിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സിന്ധ്യയുടെ പ്രസ്താവന.
കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിലെ ഗുണ പാർലമെന്ററി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ കൃഷ്ണ പാൽ സിംഗ് യാദവിനോട് സിന്ധ്യ പരാജയപ്പെട്ടിരുന്നു.
Post Your Comments