മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും ക്ലബ് ഉടമകള്‍ക്ക് എതിരെയും പ്രതിഷേധങ്ങള്‍ കടുപ്പിക്കുകയാണ് ആരാധകര്‍. ഗ്യാലറിയില്‍ നിന്ന് ഇറങ്ങിപ്പോയി കൊണ്ട് പ്രതിഷേധിക്കാന്‍ ആണ് യുണൈറ്റഡ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി തുടക്കത്തില്‍ വോള്‍വ്‌സിനെതിരായ ഹോം മത്സരത്തില്‍ ആകും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ഇത്തരത്തില്‍ പ്രതിഷേധിക്കുക.
നേരത്തെ ബേര്‍ണ്‍ലിക്ക് എതിരെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ ഏറ്റ നാണംകെട്ട പരാജയത്തെ തുടര്‍ന്ന് മത്സരം അവസാനിക്കും മുമ്പ് ആരാധകര്‍ ഗ്യാലറി വിട്ടിരുന്നു. 80ആം മിനുട്ട് മുതല്‍ ആരാധകര്‍ സ്റ്റേഡിയം വിട്ടു പോകാന്‍ തുടങ്ങി. കളി 90ആം മിനുട്ടില്‍ എത്തിയപ്പോഴേക്കും സ്റ്റേഡിയം മൊത്തം ഒഴിഞ്ഞ അവസ്ഥയായിരുന്നു. ക്ലബിന്റെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം ക്ലബ് ഉടമകള്‍ ആണെന്നും പുതിയ താരങ്ങളെ സൈന്‍ ചെയ്യാന്‍ പോലും യുണൈറ്റഡ് തയ്യാറാകുന്നില്ല എന്നതുമാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്.
അമേരിക്കന്‍ വ്യവസായികളായ ഗ്ലേസേഴ്‌സ് കുടുംബം ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഉടമകള്‍. മത്സരത്തില്‍ ടിക്കറ്റ് എടുത്ത് കയറിയ ശേഷം കളിയുടെ 58ആം മിനുട്ടില്‍ മുഴുവന്‍ ആരാധകരും സ്റ്റേഡിയം വിടുന്ന രീതിയില്‍ ആകും പ്രതിഷേധം.
Post Your Comments