
മാഞ്ചസ്റ്റർ: വിവാദങ്ങൾക്കൊടുവിൽ ഓള്‍ഡ് ട്രഫോർഡിനോട് വിടപറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നന്ദി പറഞ്ഞു.
ഫിഫ ലോകകപ്പ് ആരവങ്ങൾക്കിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ കരാർ അവസാനിപ്പിച്ചത്. യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, താരം ക്ലബില്‍ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ക്ലബ് വിടാന്‍ റൊണാള്‍ഡോ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല. എന്നാല്‍, സീസണിലെ ഏറെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് നാടകീയ രംഗങ്ങൾ ഫുട്ബോൾ ലോകം അറിയുന്നത്.
‘എനിക്ക് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ഒരുതരത്തിലും ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. ക്ലബിന്‍റെ നല്ലതിനാണ് ഞാന്‍ മാഞ്ചസ്റ്ററില്‍ തുടരുന്നത്. എന്നെ ക്ലബില്‍ നിന്ന് പുറത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ പരിശീലകന്‍ മാത്രമല്ല, വേറെയും കുറെ പേരുണ്ട്’.
Read Also:- വീണ്ടും കർഷക ആത്മഹത്യ; പാലക്കാട് കർഷകന്‍ ആത്മഹത്യ ചെയ്തു
‘എന്താണ് നടക്കുന്നതെന്നറിയില്ല. ഞാന്‍ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. ചിലര്‍ക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ആയിരുന്നു. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല’ ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.
Post Your Comments