Latest NewsNewsIndia

കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് ഉദ്യോഗസ്ഥന്റെ പ്രതികാരം ; 2 വയസുള്ള കൂട്ടിക്ക് പ്രായം 102

ലഖ്‌നൗ: കൈക്കൂലി നല്‍കാത്തതിന് ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് കോടതി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി കോടതിയാണ് ഉത്തരവിട്ടത്. രണ്ടു വയസ്സ് പ്രായമുള്ള സങ്കേതിന്റെയും നാലു വയസ്സുകാരി ശുഭയുടെയും വയസാണ് തെറ്റായി നല്‍കിയിരിക്കുന്നത്. തെറ്റായി കൊടുത്തിരിക്കുന്നുവെന്ന് കാണിച്ച് കുട്ടികളുടെഅമ്മാവന്‍ പവന്‍ കുമാര്‍ നല്‍കിയ പരാതിലാണ് നടപടി.

സങ്കേതിന്റെ പ്രായം 102 വയസ്സും ശുഭയുടെ പ്രായം 104 വയസ്സുമായാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ വയസ്സ് തെറ്റായി കൊടുത്തിരിക്കുന്നുവെന്ന് കാണിച്ച് അമ്മാവന്‍ പവന്‍ കുമാര്‍ ഷാജഹാന്‍പൂരിലെ ഖുദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പരാതിയുമായി കോടതിയെയും സമീപിക്കുകയായിരുന്നു. രണ്ട് മാസം മുമ്പാണ് കുട്ടികളുടെ കുടുംബം ഓണ്‍ലൈന്‍ ആയി ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നത്. തുടര്‍ന്ന് ഗ്രാമവികസന ഉദ്യോഗസ്ഥനായ സുശീല്‍ ചന്ദ് അഗ്‌നിഹോത്രിയും ഗ്രാമത്തലവനായ പ്രവീണ്‍ മിശ്രയും ചേര്‍ന്ന് 500 രൂപ ഓരോ കുട്ടിക്കുമുള്ള ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ കുടുംബം കൈക്കൂലി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തെറ്റായ രേഖകള്‍ നല്‍കിയതെന്ന് പവന്‍ കുമാര്‍ പരാതിയില്‍ ആരോപിച്ചു. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ 2018 ജനുവരി ആറിന് ജനിച്ച സങ്കേതിന്റെ ജനനതീയതി 1916 ജൂണ്‍ 13 എന്നും 2016 ജൂണ്‍ 13ന് ജനിച്ച ശുഭയുടെ ജനനതീയതി 1916 ജൂണ്‍ 13 എന്നും മാറ്റി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പവന്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് പരാതി പരിഗണിച്ച ബറേയ്‌ലി കോടതി ഗ്രാമവികസന ഉദ്യോഗസ്ഥനും ഗ്രാമത്തലവനുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button