തിരുവനന്തപുരം: ദുരൂഹതയേറി ജാഗി ജോണിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും. വീട്ടിലെ അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലും പാചക വിദഗ്ധയുമായ ജാഗി ജോണിന്റെ (45) മരണം വീഴ്ചയില്‍ തലയ്ക്കു പിന്നിലേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
”ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം, അതിനാല്‍ ക്രിസ്മസിനു കഴിയുന്നത്ര കാരുണ്യ പ്രവര്‍ത്തനം നടത്തൂ” എന്ന് ജാഗി സോഷ്യല്‍ മീഡിയയില്‍ അവസാനമായി പങ്കുവച്ച കുറിപ്പും ദുരൂഹതയേറ്റുന്നു. ചാനലുകളിലും യുട്യൂബിലും പാചക പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ജാഗി ഇതു ചിത്രീകരിക്കാന്‍ സജ്ജമാക്കിയിരുന്ന അടുക്കളയിലാണു മരിച്ചു കിടന്നിരുന്നത്. പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ചിരുന്നു. ജാഗിയുടെ മൊബൈല്‍ ഫോണ്‍, ഇ മെയ്ലുകള്, വാട്സാപ് എന്നിവ വിശദമായി പരിശോധിക്കും.
ജാഗി സ്വയം വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. ജാഗിയുടെ തലയുടെ പിന്‍ഭാഗം അടുക്കളയിലെ തറയുടെ വക്കിലാണു ഇടിച്ചത്. പുറമേ രക്തപ്പാടുകള്‍ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണമെന്നാണു നിഗമനം. ശരീരത്തില്‍ മറ്റു മുറിവുകളോ പാടുകളോ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല. ആന്തരികാവയവ പരിശോധനാ ഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും 2 ആഴ്ച കഴിഞ്ഞേ കിട്ടൂവെന്നു കന്റോണ്‍മെന്റ് എസി ഷീന്‍ തറയില്‍ അറിയിച്ചു. ഫൊറന്‍സിക് ലാബ്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി വീണ്ടും വിശദമായ പരിശോധന നടത്തി. ജാഗിയുടെ മാതാവിന്റെ മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരസ്പര വിരുദ്ധമായാണു സംസാരിക്കുന്നത്.
തിരുവനന്തപുരം കവടിയാറിനു സമീപം കുറവന്‍കോണം ഹില്‍ഗാര്‍ഡനിലെ വീട്ടില്‍ മാനസികാസ്ഥ്യമുള്ള അമ്മയ്ക്കൊപ്പമാണു ജാഗി താമസിച്ചിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ അടുക്കളയില്‍ ജാഗി മരിച്ചു കിടക്കുന്നതായി തിങ്കളാഴ്ച വൈകിട്ടാണു പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്ക് ബന്ധുക്കളുമായോ, അയല്‍പക്കകാരുമായോ ബന്ധമില്ല.ഒരു വീട്ടില്‍ താമസിച്ചിട്ടും ജാഗിയുടെ മാതാവിന് മകള്‍ മരിച്ചതായി ഇപ്പോഴും അറിവ് ലഭിച്ചിട്ടില്ല.
ഇന്നലെ ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. ] ജാഗിയുടെ അമ്മയെയും ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി. വീട് പൂട്ടി പൊലീസ് സീല്‍ ചെയ്തു. ജാഗിയുടെ കൊച്ചിയിലുള്ള പുരുഷ സുഹൃത്ത് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഡോക്ടര്‍ കുറവന്‍കോണം ഹില്‍ഗാര്‍ഡനിലെത്തിയപ്പോള്‍ വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ചാണ് പൊലീസ് വീട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഇവര്‍ വര്‍ഷങ്ങളായി കുറവന്‍കോണത്തെ വീട്ടിലാണ് താമസം. ഏഴു വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
Post Your Comments