KeralaLatest NewsNews

വീട്ടില്‍ കയറിയ കള്ളന്‍ കുടുങ്ങിയതിനു പിന്നില്‍ വിദേശത്തിരുന്ന് മോഷണം ലൈവായി കണ്ട വീട്ടുടമസ്ഥന്‍

കോഴിക്കോട് : വിദേശത്തിരുന്ന് തന്റെ വീട്ടിലെ മോഷണം ലൈവായി കണ്ട വീട്ടുടമസ്ഥന്റെ ഇടപെടലിനെ തുടര്‍ന്ന് വീട്ടില്‍ കയറിയ കള്ളന്‍ കുടുങ്ങി. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തിയില്‍ പൊട്ടിച്ചിരി ബസ് സ്റ്റോപ്പിനു സമീപത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരകള്‍ തുറന്നു സാധനങ്ങള്‍ വാരിവലിച്ചിട്ടു. വീട്ടിലെ രണ്ട് സിസിടിവി ക്യാമറകള്‍ തകര്‍ത്ത കള്ളന്‍മാര്‍ വീടിനു ചുറ്റുമുള്ള ലൈറ്റുകളും അടിച്ചു പൊട്ടിച്ചു. വീട്ടിലെ സിസിടിവി ക്യാമറ വിദേശത്തുള്ള മുഹമ്മദ് അലിയാസിന്റെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
രാത്രി കള്ളന്‍മാര്‍ അകത്തു കയറിയ ദൃശ്യം ഇതിനിടെ അലിയാസിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ അയല്‍ക്കാരെയും നാട്ടിലെ സഹോദരന്മാരെയും അറിയിച്ചു. സഹോദരന്മാരും നാട്ടുകാരും എത്തിയതോടെ, മോഷ്ടാക്കള്‍ ഇറങ്ങി ഓടി. പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് സംഘത്തില്‍ ഉള്‍പ്പെട്ട മുരുകനെ പിടികൂടിയത്.

മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. തിരുനെല്‍വേലി അച്ചംവെട്ടി നോര്‍ത്ത് സ്ട്രീറ്റില്‍ കാര്‍ത്തിക് (മുരുകന്‍-29) ആണ് അറസ്റ്റിലായത്. വിദേശത്ത് ജോലിക്കാരനായ കോണാക്കില്‍ മുഹമ്മദ് അലിയാസിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.

കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലാണു മോഷ്ടാക്കള്‍ എത്തിയത്. മുഹമ്മദ് അലിയാസിന്റെ സഹോദരന്‍ കെ അബ്ദുല്‍ റഷീദിന്റെ പരാതിയില്‍ കേസെടുത്തു. വീട്ടില്‍ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button