ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾ കൃത്യമായി അർഹിക്കുന്ന ശമ്പളം കൈപ്പറ്റുന്നുവെന്ന് ഉറപ്പുവരുത്താൻ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങി മോദി സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രിമാരിൽ ഒരാളായ സന്തോഷ് ഗാങ്വാർ ആണ് സൂചന നൽകിയത്. ജനങ്ങൾക്ക് കൃത്യമായും അവർ അർഹിക്കുന്ന തരത്തിലും ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ രാജ്യമൊട്ടാകെ, മാസത്തിൽ ശമ്പളം ലഭിക്കുന്ന ദിവസം ഒന്നാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സെൻട്രൽ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി സംഘടിപ്പിച്ച ‘സെക്യൂരിറ്റി ലീഡർഷിപ്പ് സമ്മിറ്റ് 2019’ലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യഭരണം ഏറ്റെടുത്തത് മുതൽ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് തൊഴിലാളികൾക്ക് ക്ഷേമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിരുന്നതെന്നും കേന്ദ്ര മന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു. ഈ നിയമം നിലവിൽ വരുത്താൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രയത്നിക്കുകയാണെന്നും ഗാങ്വാർ പറയുന്നു. മാത്രമല്ല രാജ്യത്തെ തൊഴിലാളികൾക്ക് ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കാനും അതുവഴി അവരുടെ ഉപജീവനമാർഗത്തെ സംരക്ഷിക്കാനും സർക്കാർ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിൽരംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യവും സംരക്ഷിക്കുന്ന ഒക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡ്(ഒ.എസ്.എച്ച്) കൂടി നിലവിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നതായി സന്തോഷ് ഗാങ്വാർ പറഞ്ഞു.
ഇതിന് അനുബന്ധമായി ‘കോഡ് ഓൺ വേജസും’ കേന്ദ്ര സർക്കാർ കൊണ്ടുവരും. ഗാങ്വാർ പറയുന്നു.’കോഡ് ഓൺ വേജസ്’ പാർലമെന്റ് നേരത്തെ തന്നെ പാസാക്കിയിരുന്നു. ഇത് നടപ്പിൽ വരുത്താനുള്ള നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
Post Your Comments