തിരുവനന്തപുരം :അതീവ സുരക്ഷാ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പൊലീസിന്റെ ഡേറ്റ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് , ഇതിനു പിന്നില്‍ വഴിവിട്ട നീക്കമെന്ന് സൂചന. ഈ ഡേറ്റ ബേസ് ആഭ്യന്തര വകുപ്പാണ് തുറന്നുകൊടുത്തത്. അതീവ രഹസ്യ ഫയലുകള്‍ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാ ബേസില്‍ സമ്പൂര്‍ണ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍ . ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് സോഫ്ട് വെയര്‍ നിര്‍മാണ ചുമതല നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടന്നെന്നും ഇതിനിടെ വ്യക്തമായി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ഇതുസംബന്ധിച്ചുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‌വെയറിന്റെ നിര്‍മാണത്തിനായി സംസ്ഥാന പൊലീസിന്റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്നായിരുന്നു ഉത്തരവ്.
അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നല്‍കിയത്. മാത്രമല്ല, സംസ്ഥാന പൊലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, ഊരാളുങ്കല്‍ സൈസൈറ്റിക്ക് സോഫ്റ്റ്‌വെയര്‍ നിര്‍മാണ ചുമതല കിട്ടാന്‍ വഴിവിട്ട നീക്കം നടന്നെന്നും വ്യക്തമായി. ഒക്ടോബര്‍ 25ന് നല്‍കിയ അപേക്ഷയില്‍ നാലു ദിവസത്തിനുളളില്‍ത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ ഡിജിപി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ നവംബര്‍ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. എന്നാല്‍ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുന്‍ വിവരങ്ങളും കിട്ടില്ലെന്നും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡിജിപി ഓഫീസിന്റെ വിശദീകരണം .
Post Your Comments