ആലപ്പുഴ: എന്‍.എസ്.എസ് നേതൃത്വത്തിന് കാടന്‍ ചിന്താഗതിയാണുള്ളതെന്നും ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എന്‍.എസ്.എസ് ആഹ്വാനത്തെ തുടര്‍ന്നാണ് രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ജാതി ധ്രുവീകരണമുണ്ടാക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കടുത്ത ഈഴവ വിരോധിയായി മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും. അവരുടെ നേതൃത്വത്തിന് കാടന്‍ ചിന്തകളാണുള്ളത്. ഈഴവസമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതുമാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യം. ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം അവര്‍ തുടങ്ങിക്കഴിഞ്ഞെന്നും ചിലയിടത്തൊക്കെ യു.ഡി.എഫ് വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട് യു.ഡി.എഫ് പക്ഷം പിടിച്ച് ചിലര്‍ എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ ശ്രമിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന കുണ്ടികുലുക്കി പക്ഷിയെ പോലെയാണ് എന്‍എസ്എസ് എന്നും അദ്ദേഹം പരിഹസിച്ചു.
ഇടതുപക്ഷത്തുനിന്ന് എസ്.എന്‍.ഡി.പിക്ക് ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കിടന്നതായിരുന്നു. ഈ സര്‍ക്കാരില്‍ അഴിമതി താരതമ്യേന കുറവാണ് എന്നതുകൊണ്ടാണ് ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്നു താന്‍ പറഞ്ഞതെന്നും എന്‍.എസ്.എസ് അംഗങ്ങള്‍ മാന്യതയുള്ളവരാണെന്നും അതിന്റെ നേതൃത്വത്തിനാണ് ഭ്രാന്ത് പിടിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്‍.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവര്‍ക്ക് സവര്‍ണരെ പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആകെ അവര്‍ ചോദിക്കുന്നത് മന്നം ജയന്തിക്ക് അവധിയാണെന്നുമായിരുന്നു വെള്ളാപ്പള്ളി ആരോപിച്ചു.
ഒരു ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എന്‍.എസ്.എസ്. ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അത് കണ്ടതാണെന്നും ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുന്നുന്ന എന്‍എസ്എസ് എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും കരുതേണ്ടെന്നും പറഞ്ഞ അദ്ദേഹം കേരളസമൂഹം ഈ മാടമ്പിത്തരം എല്ലാ കാലവും സഹിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments