Latest NewsKeralaNews

മൂന്നാമതൊരു ദുരന്തംകൂടി താങ്ങാന്‍ വയ്യ …ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ അവസ്ഥ ഭീകരം : മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഭദ്രന്‍

കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കെട്ടിയുയര്‍ത്തിയ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ പ്രാരംഭനടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി, പാചക വാതകം, വെള്ളം തുടങ്ങിയവയെല്ലാം റദ്ദാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ അവസരത്തില്‍ പൊളിക്കാന്‍ തീരുമാനിച്ച ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെ അവസ്ഥയെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു.

എന്റെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികള്‍. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുതെന്ന് ഭദ്രന്‍ പറയുന്നു.
ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനില്‍പിന് വേണ്ടിയല്ലേ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാല്‍, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഇവിടുത്തെ ഒരു പൗരന്‍ അല്ലാതായിമാറുമെന്നും കുറിപ്പില്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഉറക്കം കെടുത്തിയ രാത്രി
വിഷയം : മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ തന്നെ.
അവിടത്തെ കറന്റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട് ചെയ്യാന്‍ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാര്‍ത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്റെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികള്‍. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്. അവിടെ രോഗികള്‍, പ്രായമായവര്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോണ്‍ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവര്‍. അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തില്‍ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം. ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ. ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനില്‍പിന് വേണ്ടിയല്ലേ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാല്‍, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഇവിടുത്തെ ഒരു പൗരന്‍ അല്ലാതായിമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button