കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടി അന്വേഷിക്കാനൊരുങ്ങി വിജിലന്‍സ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്റെ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് വിജിലന്‍സ് കരുതുന്നത്. വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ALSO READ: പാലായില്‍ ഇനി വാശിയേറിയ പോരാട്ടം; എല്‍ ഡി എഫിന്റെ വിജയ സാധ്യത കൂടിയെന്ന് മാണി സി കാപ്പന്‍
ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി പാലാരിവട്ടം പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് അഴിമതിക്ക് ഉത്താശ നല്‍കാനാണെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലത്തിന്റെ നിര്‍മ്മാണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ടോള്‍ ഒഴിവാക്കാന്‍ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. ഈ ഗൂഢാലോചനക്ക് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തുകയാണ് ഇപ്പോള്‍ വിജിലന്‍സിന്റെ ലക്ഷ്യം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വിജിലന്‍സ് പറയുന്നു.
നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. നാല് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം അഭ്യര്‍ത്ഥിച്ച് പ്രതികള്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും.
ALSO READ: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയ്ക്ക് പിന്തുണ
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കം നാല് പേരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരാണ് അറസ്റ്റിലായത്.
Post Your Comments