അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ചോപ്പര്‍ കേസുമായി ബന്ധപ്പെട്ട് കീഴടങ്ങാമെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ അനന്തരവന്‍ രത്തുല്‍ പുരി ദില്ലി കോടതിയെ സമീപിച്ചു. വ്യവസായിയായ രത്തുല്‍ പുരി മറ്റൊരു കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച്ച പുരിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ചോപ്പര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്നാണ് പുരിക്കെതിരെയുള്ള ആരോപണം.
തനിക്കെതിരെയുള്ള ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന പുരിയുടെ അപേക്ഷ പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ ബുധനാഴ്ച തള്ളിയിരുന്നു. അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറായതിനാല്‍ ജാമ്യമില്ലാ വാറന്റ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. അതേസമയം വാറന്റ് റദ്ദാക്കാനുള്ള കാരണങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇഡിയുടെ ആവര്‍ത്തിച്ചുള്ള നോട്ടീസ് ലഭിച്ചിട്ടും പുരി വിവിധ തീയതികളില്‍ അന്വേഷണത്തില്‍ സഹകരിച്ചിട്ടില്ലെന്നത് കോടതി ശ്രദ്ധിച്ചു. തന്റെ പ്രസ്താവനയില്‍ ഒപ്പിടാതെയാണ് പ്രതി ജൂലൈ 26 ന് ഇഡി ഓഫീസില്‍ നിന്ന് പുറത്തുപോയതെന്നും പിന്നീട് എവിടെയെന്ന് വ്യക്തമാക്കാതെ കഴിയുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം തന്റെ കക്ഷി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നനും പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഇ-മെയിലുകള്‍ അയച്ചെന്നും പുരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തന്റെ കമ്പനിയായ മോസര്‍ ബെയറുമായി ബന്ധപ്പെട്ട 354 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയ കേസില്‍ പുരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. അന്നു തന്നെ പൂരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു, കസ്റ്റഡി ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി പുരിയെ ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
Post Your Comments