മലപ്പുറം: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു . മങ്ങാട്ടുപറമ്പില്‍ അനീഷ് (37), സംഭവ സമയത്ത് അപകടമുന്നറിയിപ്പ് നല്‍കാന്‍ എത്തിയതായിരുന്നു. ആസമയത്തായിരുന്നു അനീഷ് അപകടത്തില്‍പ്പെട്ടത്. കവളപ്പാറയില്‍ വായനശാലയ്ക്കു സമീപം, ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്താണ് അനീഷിന്റെ വീട്. അപകടദിവസം വൈകിട്ട് കവളപ്പാറ തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് അപകട മുന്നറിയിപ്പു നല്‍കാനായി അനീഷ് ദുരന്തമേഖലയില്‍ എത്തിയത്.
ഇതോടെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 48 ആയി. 11 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണു സൂചന. 13 ഏക്കര്‍ വിസ്തൃതിയിലുള്ള കവളപ്പാറയിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ ആദ്യഘട്ട തിരച്ചില്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പ്രദേശത്തെ വെള്ളക്കെട്ടുകള്‍ മോട്ടര്‍ ഉപയോഗിച്ചു നീക്കം ചെയ്തശേഷമാണു തിരച്ചില്‍ പുനരാരംഭിക്കുക. അപകടത്തില്‍പെട്ട എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നു ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
അതേസമയം, വയനാട് പുത്തുമലയിലെ തിരച്ചില്‍ ദുരന്തസ്ഥലത്തു നിന്ന് 6 കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലേക്കു വ്യാപിപ്പിച്ചെങ്കിലും കൂടുതല്‍ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹൈദരാബാദ് നാഷനല്‍ ജിയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ (ജിപിആര്‍) സംവിധാനം ഉപയോഗിച്ചിട്ടും ഫലം കാണാതായതോടെ ഇത് തിരിച്ചുകൊണ്ടുപോയി. ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നു പരിശോധന തുടരുമെന്നാണ് വിവരം.
Post Your Comments