മലപ്പുറം : എല്ലാവരുടേയും മുഖത്ത് ആശങ്കയാണ്. ഒരോരുത്തരും തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി പ്രാര്‍ത്ഥിയ്ക്കുന്നു. മലപ്പുറം കവളപ്പാറയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴുണ്ടായ കാഴ്ചയായിരുന്നു ഇത്. മണ്ണിനടിയില്‍ ഇനി ജീവനോടെ ആരും ഉണ്ടാകാനിടയില്ല എന്നാണ് സൈന്യത്തിന്റേയും വിലയിരുത്തല്‍ .രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രാവിലെ തന്നെ സ്ഥലത്തെത്തിയിരുന്നു. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് എത്തിയത്. മലയിലെ ഏറ്റവും ദുഷ്കരമായ മേഖലയിലാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ 60 അംഗ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. മഴ മാറി നില്ക്കുന്ന അനുകൂല കാലാവസ്ഥയാണ് ഇപ്പോള്‍ കവളപ്പാറയിലേത്. കഴിയുന്നത്ര പേരെ ഇന്ന് കണ്ടെത്താനുള്ള തീരുമാനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
കവളപ്പാറയില്‍ നിന്നും ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മണ്ണിനടിയില്‍ 20 കുട്ടികള്‍ അടക്കം 54 പേര് മണ്ണിനിടയിയില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജെസിബി അടക്കം യന്ത്രസാമഗ്രികളും സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. അതേസമയം മേഖലയില്‍ വീണ്ടും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണ്ണ് ശക്തമായി താഴേക്ക് തെന്നി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Post Your Comments