KeralaLatest News

കേരളത്തില്‍ നിന്നും ‘കോട്ടണ്‍ നൂല്‍’ വിദേശത്തേക്ക്; അടച്ചുപൂട്ടാനിരുന്ന മില്ലിന്റെ അതിഗംഭീര തിരിച്ചുവരവെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കോട്ടണ്‍ നൂല്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. തലസ്ഥാനത്തെ ബാലരാമപുരം ട്രിവാന്‍ഡ്രം സ്പിന്നിങ്മില്ലില്‍ നിന്നാണ് കോട്ടണ്‍ നൂല്‍ വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ചൈനയിലേക്കും തായ്‌ലന്‍ഡിലേക്കുമാണ് കോട്ടണ്‍ നൂല്‍ കയറ്റി അയക്കുന്നത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് ഗുണമേന്മാ മാനദണ്ഡങ്ങള്‍ എല്ലാം കൃത്യമായി പാലിച്ച് നിര്‍മിച്ച നൂല്‍ കയറ്റുമതി ചെയ്തത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മുഖേന ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

വ്യവസായ മന്ത്രിയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം

ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്മില്ലിന്റെ കോട്ടണ്‍ നൂല്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് തുടങ്ങി. ആദ്യഘട്ടത്തില്‍ തായ്ലന്‍ഡിലേക്കും ചൈനയിലേക്കും 2 കണ്ടെയ്നര്‍ നൂല്‍ കയറ്റി അയച്ചു. അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്ലിന്റെ അതിഗംഭീര തിരിച്ചുവരവാണിത്. നവീകരണത്തിനു ശേഷം ഉല്‍പാദനമികവിലേക്കെത്തിയ സ്ഥാപനത്തില്‍ 680 റോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് ദിവസം 3 ടണ്ണോളം ഉല്‍പ്പാദനം നടത്തുന്നു. 8 ദിവസം കൊണ്ടാണ് 19200 കിലോ (ഒരു കണ്ടെയ്നര്‍) നൂല്‍ ഉല്‍പാദിപ്പിച്ചത്. ഇതര സ്പിന്നിങ് മില്ലുകളിലെ കോട്ടണ്‍ അവശിഷ്ടങ്ങളില്‍ നിന്നാണ് ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലില്‍ നൂല്‍ നിര്‍മിക്കുന്നത്.

സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളുമുള്‍പ്പടെ 60 പേര്‍ ജോലി ചെയ്യുന്നു. കൈത്തറി മേഖലയ്ക്ക് ആവശ്യമായ നൂലുകള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മില്‍ ആരംഭിച്ചത്. എന്നാല്‍, വലിയ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് 1998 ല്‍ മില്‍ അടച്ചുപൂട്ടി. 2004ല്‍ ഹൈക്കോടതി മില്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ഉത്തരവിടുകയും ലിക്വിഡേറ്ററെ നിയമിക്കുകയും ചെയ്തു. 2007 ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തു. ജപ്പാന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു. ഈ സര്‍ക്കാര്‍ വന്ന ശേഷം വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനായി 4.5 കോടി രൂപ സര്‍ക്കാര്‍ നല്‍കി. പ്രവര്‍ത്തനരഹിതമായിരുന്ന യന്ത്രങ്ങള്‍ നന്നാക്കി.

തേയ്മാനം വന്ന യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ ബജറ്റില്‍ 7.5 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. അതിലൂടെ ഉല്‍പ്പാദനം കൂട്ടുകയും ഗുണനിലവാരം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് വിദേശ ഓര്‍ഡറുകള്‍ ലഭിച്ചത്. വിദേശത്തുനിന്ന് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button