KeralaLatest News

ആറ് ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

ഒരു മാസം മുതല്‍ ഒന്നര വര്‍ഷം വരെയാണു ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കുന്നത്

തിരുവനന്തപുരം: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറ് തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.  ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള പരിപാടികളുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്. 37 തടവുകാരുടെ പട്ടികയാണു സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി നല്‍കിയത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ ആറു പേരെ മോചിപ്പിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. ഗവര്‍ണറുടെ അംഗീകരത്തോടെയാണ് തടവുകാരെ മോചിപ്പിക്കുന്നത്. അതേസമയം പട്ടികയിലെ മറ്റു ചിലര്‍ ശിക്ഷ ഇളവില്ലാതെ തന്നെ കാലാവധി പൂര്‍ത്തിയാക്കി മോചിതരായെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു.

ജെ.ജോസ്, സി.അഭിലാഷ്, രാജുപോള്‍ (പൂജപ്പുര സെന്‍ട്രല്‍ ജയില്‍) ജി. സുരേന്ദ്രന്‍, ജി.കണ്ണന്‍, കെ.ഉണ്ണികൃഷ്ണന്‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍) എന്നിവരെയാണ് മോചിപ്പിക്കുന്നത്. എന്നാല്‍ തടവുപുള്ളികളുടെ വിശദാംശങ്ങള്‍ ഫയലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നു കാണിച്ച് തടവുകാരെ വിട്ടയ്ക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ജംബോ പട്ടിക ഗവര്‍ണര്‍ നേരത്തെ മടക്കി അയച്ചിരുന്നു. നിയമ സെക്രട്ടറി ഫയലില്‍ ഒപ്പിടാതിരുന്നതും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഓരോരുത്തരുടെയും കേസിന്റെ വിശദവിവരം ചോദിച്ചാണു ഗവര്‍ണര്‍ ഫയല്‍ മടക്കിയത്.

ഒരു മാസം മുതല്‍ ഒന്നര വര്‍ഷം വരെയാണു ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കുന്നത്. നല്ലനടപ്പുകാരായ തടവുകാര്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നല്‍കി വിട്ടയയ്ക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഫയല്‍ മന്ത്രിസഭായോഗം പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button