ബെംഗലൂരു: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം നാലാം ദിവസവും തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായത്. തിരക്ക് നേരിടാന്‍ കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.
ബസ് സമരം മൂലം യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. നാട്ടിലെത്താന്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന മിക്കവരും ഇപ്പോള്‍ യാത്ര സര്‍ക്കാര്‍ ബസുകളിലാക്കി. സാധാരണ ദിവസങ്ങളില്‍ ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ നാല് ദിവസമായി അത് 2500 കടന്നു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്പെഷ്യല്‍ സര്‍വീസുകളും ആരംഭിച്ചു. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഉളള പെര്‍മിറ്റ് കൊണ്ട് സേലം വഴി കേരളത്തിന്റെ സ്പെഷ്യല്‍ വണ്ടികളും ഉണ്ടാകും. സമരം തുടരുകയും തിരക്കേറുകയും ചെയ്താല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് 49 ഷെഡ്യൂളുകള്‍ ആണ് മുമ്പ് ഉണ്ടായിരുന്നത്. ഇതിന് പുറമെ ദിവസേന എറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് മൂന്ന് സര്‍വ്വീസുകള്‍ വീതവും കണ്ണൂര്‍, തലശേരി, തൃശൂര്‍, കോട്ടയം ഡിപ്പോകളില്‍ നിന്ന് 2 സര്‍വ്വീസുകള്‍ വീതവും നടത്തുന്നുണ്ട്.
400 സ്വകാര്യ ബസുകള്‍ ആണ് മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. ‘ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്’ പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് ഗതാഗതവകുപ്പ് അന്യായമായി പിഴ ഈടാക്കുന്നെന്നുവെന്നും ബസുടമകളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവയ്ക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍, പരിശോധന അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം അത് നടത്താമെന്നും ഗതാഗതമന്ത്രി നിലപാടെടുക്കുകയായിരുന്നു.
Post Your Comments