കോഴിക്കോട്: എം.ഇ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ച സര്‍ക്കുലറിനെതിരെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അന്യപുരുഷന്മാര് കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സലഫിസം വരുന്നതിനു മുന്‍പുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം) എന്നും ഇത് പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണെന്നും മുത്തുക്കോയ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടന്ന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത വിഷയങ്ങളില്‍ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എം.ഇ.എസ് എന്നു പറഞ്ഞാല്‍ മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടവരല്ലെന്നും ഓരോരുത്തരുടെ സ്ഥാപനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാം. അതൊന്നും പിടിക്കാന്‍ നമുക്കാവില്ല. ഇന്ത്യാ രാജ്യമല്ലേ. സ്വാതന്ത്ര്യമുണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം വിശ്വാസികളായ കുട്ടികള്‍ ഞങ്ങളോടൊപ്പമുണ്ടാകും. അവരെ ഞങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിന് അര്‍ഹതയില്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സമ്മതിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
അടുത്ത അധ്യയനവര്‍ഷം മുതല്‍ എംഇഎസ് കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് എംഇഎസ് പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നായിരുന്നു എംഇഎസ് പ്രസിഡന്റ് ഡോ. കെ.പി. ഫസല്‍ ഗഫൂര്‍ സര്‍ക്കുലര്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞത്.
Post Your Comments