ന്യൂദല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. മാരിറ്റല്‍ റേപ്പ് ഇന്ത്യയില്‍ കുറ്റകൃത്യമാക്കരുതെന്ന പരാമര്‍ശവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കുറ്റകൃത്യമാക്കിയാല്‍ കുടുംബങ്ങളില്‍ അരാജകത്വം ഉണ്ടാക്കുമെന്നും നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബ ബന്ധങ്ങളെ ആധാരമാക്കിയാണെന്നും ദീപക് മിശ്ര പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത ഈ നിയമം ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ദീപക് മിശ്ര പറഞ്ഞു. ബംഗളൂരുവില്‍ കെ.എല്‍.ഇ സൊസൈറ്റി ലോ കോളേജില്‍ സംസാരിക്കവെ മാരിറ്റല്‍ റേപ്പിനെ കുറിച്ചുള്ള നിയമവിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായണ് ദീപക് മിശ്രയുടെ വാക്കുകള്‍.
2017ല്‍ കേന്ദ്ര സര്‍ക്കാരും ദല്‍ഹി ഹൈക്കോടതിയില്‍ സമാനമായ വാദമുയര്‍ത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി പിന്തുടരരുതെന്നും കുടുംബ ബന്ധങ്ങളെ ബാധിക്കുമെന്നും നിയമം ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭര്ത്താക്കന്മാരെ ഉപദ്രവിക്കുന്നതിനുള്ള എളുപ്പമാര്‍ഗമായി മാറുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഭാര്യയുടെ (18 വയസില്‍ താഴെയല്ലാത്ത) ഇഷ്ടമില്ലാതെ ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുറ്റകൃത്യമാവില്ല.
Post Your Comments