ലിമ: മദ്യപിച്ച് ജീവിതം ആഘോഷമാക്കിയ സൗന്ദര്യറാണിയുടെ കിരീടം അധികൃതര്‍ തിരിച്ചെടുത്തു. 2019 ലെ പെറുവിലെ സുന്ദരി അനേല ഗ്രദോസിനാണ് കിരീടം നഷ്ടമായത്. ലോകസുന്ദരീ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ഇവരെ വിലക്കിയിട്ടുണ്ട്. മദ്യപിച്ച് മദോന്മത്തയായ അനേലയുടെ വീഡിയോ എതിരാളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുറം ലോകം ഇക്കാര്യം അറിഞ്ഞത്. ഇത്തരത്തില്‍ മദ്യപിച്ച് കൂത്താടുന്ന യുവതി ലോക സുന്ദരി മത്സരത്തില്‍ രാജ്യത്തിന്റെ പേരില്‍ പങ്കെടുക്കുന്നത് അപമാനകരമാണ് എന്ന കാരണത്താലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അനേലക്ക് വിലക്കുണ്ട്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പെറുവില്‍ സൗന്ദര്യ മത്സരം നടന്നത്. ഇരുപതുകാരിയായ അനേലയായിരുന്നു മിസ് പെറുവായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനിടയിലാണ് അനേല സ്വകാര്യമായി മദ്യപിച്ചത്. മദ്യപിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ കുറച്ചു ദിവസം മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് മോഡലിങ് രംഗത്ത് അനേലക്ക് വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നവരെല്ലാം പിന്മാറി.
കിരീടം നഷ്ടമായതിന് ഒപ്പം നിന്ന് ചതിച്ചത് മറ്റൊരു സുന്ദരിയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മിസ് പെറു മത്സരത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കാമില കാനികേബയാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കൗമാര സുന്ദരിയായിരുന്നു കാമില.
Post Your Comments