കണ്ണൂര്‍: സര്‍ക്കാര്‍ സ്പിന്നിംഗ് മില്ലില്‍ ഗണപതി ഹോമം നടത്തിയത് വന്‍ വിവാദമാകുന്നു. ഗണപതിഹോമം വിവാദമായ സാഹചര്യത്തില്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. ഇതോടെ സ്പിന്നിംഗ് മില്‍ എംഡിയുടെ കസേര തെറിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധര്‍മടം പിണറായി ഹൈടെക് വീവിങ് മില്ലിന്റെ എംഡി എം.ഗണേഷിനെ മാറ്റിയത്.
സംസ്ഥാന കൈത്തറി ഡയറക്ടര്‍ കെ.സുധീറിനാണ് പകരം ചുമതല. മില്ലിന്റെ ഉദ്ഘാടന ദിവസമായിരുന്ന ഫെബ്രുവരി 28ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അഞ്ച് മണിവരെയാണ് ഹോമം നടന്നത്. പിന്നാലെ മന്ത്രി ഇ.പി.ജയരാജന് മില്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ പൂജ നടത്തിയ സംഭവം ചിത്രങ്ങള്‍ സഹിതം വാര്‍ത്തയായതോടെ വിവാദം തലപൊക്കി.
പൂജ നടന്നുവെന്നത് മില്‍ ആദ്യം നിഷേധിച്ചുവെങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നതോടെ കാര്യം സമ്മതിക്കേണ്ടി വന്നു. പിണറായി തെരുവിലെ ക്ഷേത്രത്തിലെ ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജ. വിവാദമായതോടെ മുഖ്യമന്ത്രി, മന്ത്രി ഇ.പി.ജയരാജനുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് എംഡിയെ മാറ്റുവാന്‍ തീരുമാനമായത്.
സംസ്ഥാന ടെക്സ്റ്റൈല്‍ കോര്പ്പറേഷന് കീഴില്‍ വരുന്ന ഏഴ് സ്പിന്നിങ് മില്ലുകള്‍, ഒരു പരിശോധനാ ലാബ്, വ്യവസായ വകുപ്പിന് കീഴിലെ രണ്ട് സ്പിന്നിങ് മില്ലുകള്‍ എന്നിവയടക്കം പത്ത് സ്ഥാപനങ്ങളുടെ ചുമതലയാണ് എം.ഗണേഷിനുണ്ടായിരുന്നത്. ഈ സ്ഥാനങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തെ മാറ്റി.
Post Your Comments