തിരുവനന്തപുരം: പാര്‍ട്ടി ചെയര്മാന് പദവിയിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാരോഹണത്തിന്റെ ആദ്യപടിയാണ് കേരള യാത്രയെന്ന തിരിച്ചറിവാണ് പിജെ ജോസഫിന്റെ എതിര്‍പ്പിനു പിന്നില്‍. പാര്‍ട്ടിയില്‍ ആലോചിക്കാതെയായിരുന്നു യാത്രയെന്നു തുറന്നടിച്ച ജോസഫ് ലോക്സഭാ സീറ്റ് എന്ന ആവശ്യമുയര്‍ത്തി കെഎം മാണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കാസര്‍ഗോഡ്, യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തെങ്കിലും ഭിന്നതയ്ക്ക് അയവുവന്നില്ല.
കഴിഞ്ഞ മാസം 24ന് തുടങ്ങിയ യാത്ര 15ന് തിരുവനന്തപുരത്തു സമാപിക്കും. ജോസഫ് ഇതില്‍ പങ്കെടുക്കില്ല. 14ന് നാളെ കുടുംബസമേതം, ദുബായിലേക്കു പോകും. തനിക്കു പകരം മോന്‍സ് ജോസഫ് സമാപന യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസഫ് പറയുന്നു. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ദുബായിലേക്ക് പോകുന്നതെന്നാണ് ജോസഫിന്റെ വിശദീകരണം. എന്നാല്‍ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാതിരിക്കാന്‍ ദുബായി യാത്രയെ ഉപയോഗിക്കുകയണെന്ന് മാണി വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെയും മുന്നണിയെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെയാണ് ജോസഫിന്റെ ശ്രമം. ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ജോസഫും കൂടെയുള്ളവരും ഉറച്ചു നില്ക്കുന്നു. എന്നാല്‍ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി ഒരു സീറ്റ് കൂടി ചോദിക്കുന്നതിനോട് മാണിക്ക് യോജിപ്പില്ല. കേരള യാത്രയുടെ സമാപനത്തിലെ ജോസഫിന്റെ അസാനിധ്യം പാര്‍ട്ടിയിലെ ഭിന്നിപ്പിന്റെ ആഴം വര്‍ധിപ്പിക്കും. വീണ്ടുമൊരു പിളര്‍പ്പിലേക്ക് മാണി കോണ്‍ഗ്രസ് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Post Your Comments