പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് യോഗിയുടെ അധ്യക്ഷതയിലാണു യോഗം. ഇതിനുശേഷം മുഖ്യമന്ത്രി കുംഭമേളയുടെ തിരക്കുകളിലേക്കു മടങ്ങും. യോഗത്തിനായി മന്ത്രിമാരെല്ലാം പ്രയാഗ് രാജിലെത്തും.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആദ്യമായാണ് ലക്‌നോവിനു പുറത്ത് കാബിനറ്റ് യോഗം വിളിച്ചുകൂട്ടുന്നത്. കുംഭമേളയ്ക്കു മുഖ്യമന്ത്രി നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതില്‍ അവസാന തീരുമാനമായാണ് കാബിനറ്റ് യോഗത്തെ വിലയിരുത്തുന്നത്. കുംഭമേളയെ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിനുള്ള അവസരമായും യോഗി കാണുന്നു.
അതേസമയം, അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടിട്ടും കുംഭമേളയ്ക്കു പ്രധാന്യം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 80 ലോക്‌സഭാ സീറ്റുകളുള്ള യുപി കേന്ദ്രത്തില്‍ ഭരണം തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
ബിജെപിയെ നേരിടുന്നതിനായി ഇവിടെ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചിരുന്നു. മഹാസഖ്യത്തില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോണ്‍ഗ്രസും കളം ചൂടുപിടിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കുംഭമേളയ്ക്ക് എത്തുന്നുണ്ട്.
Post Your Comments