Latest NewsKeralaNews

സംസ്ഥാനത്ത് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കാൻ തീരുമാനിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: ആഗോള കമ്പനി ജി ആർ 8 കേരളത്തിൽ: ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.

സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നിന്ന് വിരമിച്ച ഡോ സാബു തോമസിനെ ആദ്യ ഡയറക്ടറായി 3 വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിന്റെ ഭരണ വകുപ്പായി കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിനെ തീരുമാനിച്ചു.

കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്‌സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്‌നോസ്റ്റിക് ഇന്റർവെൻഷണൽ ടെക്‌നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022-23 ബജറ്റിൽ മൈക്രോബയോം സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഏകാരോഗ്യ വ്യവസ്ഥയിൽ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തർവൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉത്പന്ന നിർമ്മാണം എന്നിവ ഏകോപിപ്പിക്കുവാൻ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്‌നോളജികളായ ഐ.ഒ ടി, എ.ടി.ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൈക്രോബയോമിന്റെ സ്‌പേഷ്യോ ടെമ്പറൽ മാപ്പിംഗ് സൃഷ്ടിക്കും. തുടർന്നുള്ള ഗവേഷണങ്ങൾക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകൾ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിർമ്മിക്കും.

സ്റ്റാർട്ട് അപ്പുകളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്‌നോളജികൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും. ഹ്യൂമൻ മൈക്രോബയോം, ആനിമൽ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എൻവയോൺമെന്റൽ മൈക്രോബയോം, ഡാറ്റാ ലാബുകൾ എന്നിങ്ങനെ 6 ഡൊമൈനുകളിൽ ഗവേഷണവും വികസനവും സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിൻഫ്രാ പാർക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമ്മിച്ച് കഴിഞ്ഞാൽ പ്രവർത്തനം അവിടേക്ക് മാറ്റും.

Read Also: നേമത്ത് യുവതിയെ കഴുത്തില്‍ കുത്തിയ ശേഷം,യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തില്‍ നിര്‍ണായകമായി അയല്‍വാസിയുടെ മൊഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button