തിരുവനന്തപുരം: വയോമധുരം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്ററിന്റെ വിതരണോദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ വച്ച് നിര്‍വഹിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിയ വയോമിത്രം പരിപാടികള്‍ക്ക് ദേശിയ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്കാരം ലഭിച്ചിരുന്നു. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികള്‍ വയോജനങ്ങള്‍ക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്. 14 ജില്ലകളില്‍ 14 മാതൃകാ പകല്‍ വീടുകള്‍ നിര്‍മ്മിക്കുന്നതാണ്. വയോമിത്രം പദ്ധതി നഗരസഭാ/ മുനിസിപ്പാലിറ്റികളിലേയ്ക്കും വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തതമാക്കി. 60 വയസ് കഴിഞ്ഞ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഉപകരണമായ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. ഈ പദ്ധതി പ്രകാരം ഓരോ ജില്ലയിലും 1000 ഗ്ലൂക്കോമീറ്റര്‍ വീതമാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിലെ 400 എണ്ണത്തിന്റെ വിതരണമാണ് ഇവിടെ നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 400, മൂന്നാം ഘട്ടത്തില്‍ 200 എന്നിങ്ങനെയാണ് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നത്. വിപണിയില്‍ 2200 രൂപ വിലയുള്ള ഉപകരണം കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡ് മുഖാന്തിരമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
Post Your Comments