ആലപ്പുഴ: വനിതാ മതിലിനായി 500 രൂപ നൽകണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗത്തിന് സിഡിഎസ് ചെയർപേഴ്സന്റെ ഭീഷണി. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സംഭവം. കുടുംബശ്രീ അംഗം സുമാ മാത്യു ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. സിപിഎം പ്രവർത്തകയായ രത്നമ്മ ഗോപിക്കെതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം നടന്ന സിഡിഎസ് യോഗത്തിലാണ് 500 രൂപ വീതം പിരിക്കാൻ തീരുമാനിച്ചത്. പിരിവ് നൽകാത്തവരെ പുറത്താക്കുമെന്ന് സിഡിഎസ് ചെയർപെഴ്സൺ ഭീഷണിപ്പെടുത്തിയതായും അംഗങ്ങൾ പറയുന്നു.
ആലപ്പുഴയിലെ പിരിവിനും ക്ഷേമ പെൻഷൻകാരുടെ നേരെയുള്ള പിരിവിനും പുറമെ പാലക്കാട് കുടുംബശ്രീ പ്രവർത്തകരിൽ നിന്നും വനിതാ മതിലിന്റെ പേരിൽ നിർബന്ധിത പിരിവു നടത്തുന്നതായി ആരോപണം. കുഴൽമന്ദം, ആലത്തൂർ ഭാഗത്താണ് നിർബന്ധിത പിരിവ് നടത്തിയിരിക്കുന്നത്. പിരിവ് നൽകിയില്ലെങ്കിൽ ലോണും മറ്റ് ആനുകൂല്യങ്ങളും നൽകില്ലെന്ന് ഭീക്ഷണിപ്പെടുത്തിയതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. സിപിഎം പഞ്ചായത്ത് മെമ്പർമാരും, കുടുംബശ്രീ എഡിഎസ്മാരും അടങ്ങുന്ന സംഘമാണ് വനിതാ മതിലിന്റെ പേരിൽ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ നിർബന്ധിത പിരിവ് നടത്തുന്നത്.
ഒരാളിൽ നിന്നും അൻപത് രൂപ അല്ലെങ്കിൽ ഒരു കുടുംബശ്രീയിൽ നിന്നും 500 രൂപ നിർബന്ധിച്ച് പിരിച്ചിട്ടുണ്ട്. പകരം നവോത്ഥാന സംരക്ഷണ സമിതി എന്ന പേരിൽ റസീപ്റ്റും നൽകും.പിരിവ് കൊടുത്തില്ലെങ്കിൽ കുടുംബശ്രീ മുഖേനെ ഭാവിയിൽ ലോണും മറ്റ് ആനുകൂല്യങ്ങളും നൽകില്ലെന്ന് ഭീക്ഷണിപ്പെടുത്തിയതായും സ്ത്രീകൾ പറയുന്നു. അതു കൊണ്ട് തന്നെ മിക്കയിടങ്ങളിലും ഭയത്തോടെയാണ് സ്ത്രീകൾ പിരിവ് കൊടുത്തിരിക്കുന്നത്.കാലങ്ങളായി ഐക്യത്തോടെ പ്രവർത്തിക്കുന്ന പല കുടുംബശ്രീകളിലും വനിതാ മതിലിന്റെ പേരിലുള്ള ഈ നിർബന്ധിത പിരിവ് മൂലം അംഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതായും സ്ത്രീകൾ പറയുന്നു.
Post Your Comments