മഞ്ചേരി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശത്തിന് പോയ രണ്ട് യുവതികളില്‍ ഒരാളെ കാണാനില്ല. ലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്ഗയെയാണ് കാണാതായത്. മറ്റൊരു യുവതിയായ ബിന്ദുവിനൊപ്പം സന്നിധാനത്തേയ്ക്ക പുറപ്പെട്ട ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കിയിരുന്നു. എന്നാല്‍ കനക ദുര്‍ഗ ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ആരോപണം. മംഗളം ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം സംഭവത്തില്‍ പോലീസിന്റെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. കനക ദുര്‍ഗയെ അന്വേഷിച്ചെത്തുന്ന വീട്ടുകാരുടെ ഫോണ്‍ കോളുകള്‍ക്ക് കോട്ടയം എസ്പി മറുപടി നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
പോലീസിന്റെ സംരക്ഷണം ആവശ്യപ്പെടാതെ ഈ മാസം 24നായിരുന്നു ഇവര്‍ ശബരിമലയില്‍ എത്തിയത്. എന്നാല്‍ ഇവരെ തടഞ്ഞുകൊണ്ട് അനേകം ഭക്തര്‍ രംഗത്തെത്തിയതോടെ പോലീസ് അവരെ നീക്കി ഇവരെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതിഷേധം കനത്തതോടെ പൊലീസിന് ഇവരെ തിരിച്ചിറക്കേണ്ടി വന്നു.
അതേസമയം കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചിറക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് കള്ളമാണെന്നും തങ്ങളെ പോലീസ് നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. ശബരിമലയില്‍ നിന്നും തിരിച്ചിറക്കിയ യുവതികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് കനകദുര്‍ഗയുടെ സഹോദരന് ഭരതന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കനക ദുര്‍ഗയെ മലപ്പുറത്ത് എത്തിക്കുമെന്നും ഇതിനായി പോലീസ് സംരക്ഷണം നല്‍കുമെന്നും കോട്ടയം എസ്പി ഉറപ്പ് നല്‍കിയതായും സഹോദരന് പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കനകദുര്‍ഗയുടെ സഹോദരിയും കോട്ടയം എസ്പിയെ വിളിച്ചു. കനക ദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും, കൂടുതല്‍ വിവരം ലഭിക്കാന്‍ കണ്ണൂര്‍ എസ്പിയെ വിളിക്കാനുമായിരുന്നു കോട്ടയം എസ്പിയുടെ മറുപടി.
എന്നാല്‍ കനക ദുര്‍ഗയെ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൂടാതെ കനക ദര്‍ഗയെ കണ്ടെത്തിത്തരണം എന്നും പറഞ്ഞ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായി ഈ മാസം 21നായിരുന്നു കനക ദുര്‍ഗ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അവര്‍ വീട്ടില്‍ നിന്നും പോയത്.
Post Your Comments