കായംകുളം: പതിനൊന്നു ദിവസം നീണ്ട തര്‍ക്കത്തിനൊടുവില്‍ യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ കട്ടച്ചിറയില്‍ യാക്കോബായ വൈദികര്‍ പള്ളിയില്‍ കയറി സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു (95)ന്റെ സംസ്കാര ശുശ്രൂഷയാണ് ചൊവ്വാഴ്ച രാവിലെ 7.30ന് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ നടന്നത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പോലീസ് സംഘത്തെ പള്ളിയുടെ പരിസരത്ത് വിന്യസിച്ചിരുന്നു.
ജില്ലാ കളക്ടര്‍ എസ്. സുഹാസും കട്ടച്ചിറയില്‍ എത്തിയിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്കരിക്കാന്‍ കഴിയാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഏറെ വിവാദമാകുകയും സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ വിഷയത്തില്‍ ഇടപെടുകയും ചെയിതിരുന്നു. കൂടാതെ മുഖ്യമന്ത്രിയും വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ചൊവ്വാഴ്ച രാവിലെ തന്നെ സംസ്കാരം നടത്തണമെന്ന് അന്ത്യശാസന നല്‍കിയത്. സുപ്രീം കോടതി വിധിയുള്ളതിനാല്‍ യാക്കോബായ വിഭാഗം വൈദികരെ പളളിയില്‍ പ്രവേശിപ്പിക്കാതെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികരുടെ ശുശ്രൂഷയില്‍ സംസ്കാരം നടത്തണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കിയത്.
എന്നാല്‍ മരിച്ച വര്‍ഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികനും കൊല്ലം ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോര്‍ജി ജോണിനെ പള്ളിയില്‍ പ്രവേശിപ്പിച്ച് അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വൈദിക വേഷം ഒഴിവാക്കി ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലായെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടെടുത്തു. സുപ്രീം കോടതി വിധി നടപ്പിലാകാത്തതു മൂലം തല്‍സ്ഥിതി നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നിലപാടെടുത്തത്. വൈദിക വേഷത്തില്‍ തന്നെ ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിച്ച് അന്ത്യ ശുശ്രൂഷ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. പ്രദേശത്തു ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്.
Post Your Comments