കോട്ടയം: സ്വകാര്യ ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിൽസ തേടിയ എട്ടു വയസ്സുകാരിയുടെ മരണത്തിനു പിന്നിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. കോതമംഗലം ചെട്ടിമാട് പരേതനായ ജൂപേഷിന്റെയും ബീനയുടെയും മകളും ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയുമായ എയിൻ അൽഫോൺസ ആണു മരിച്ചത്.
തിങ്കളാഴ്ച രാവിലെ വയറുവേദനയെത്തുടർന്ന് കുടമാളുരിലുള്ള സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനു ചികിൽസ തേടിയിരുന്നു. മരുന്നുകൾ നൽകി വീട്ടിലേക്കു വിട്ടെങ്കിലും വേദന ശമിക്കാത്തതിനാൽ വൈകിട്ട് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിക്കാൻ ആരും എത്തിയില്ലെന്നും ഫോണിലൂടെ ഡോക്ടർ മരുന്നു പറഞ്ഞുകൊടുക്കുകയുമായിരുന്നെന്നു ബന്ധുക്കൾ ആരോപിക്കുന്നു. അമിത അളവിൽ മരുന്നു നൽകിയതാണ് കുഞ്ഞിന്റെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. വേദന സംഹാരിയായി ഇഞ്ചക്ഷനു പുറമേ മൂന്നു തവണ ഗുളികയും നൽകി. കുട്ടിയുടെ നില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
എന്നാൽ മരണകാരണം ചികിത്സാപ്പിഴവല്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഒരു മാസമായി ഈ കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പീഡിയാട്രിഷനെ ആദ്യം കാണുകയും പരിശോധനയ്ക്കു ശേഷം ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ചികിൽസ തേടുകയുമായിരുന്നു. വയറ്റിൽ വേദന ആണെന്നാണു കുട്ടി പറഞ്ഞത്. എന്നാൽ പരിശോധനയിൽ മറ്റു കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ല. അക്യൂസ്ഡ് പാൻഗ്രൈറ്റിസ് എന്ന് മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments