പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയ്ക്ക് എതിരെ വീണ്ടും ആരോപണം. മരുന്ന് മാറി നൽകിയതിനെ തുടർന്ന് വയോധിക മരിച്ചെന്നാണ് ആശുപത്രിയ്ക്ക് എതിരെ ഉയരുന്ന പുതിയ ആരോപണം. നടുവേദനയുമായി എത്തിയ വയോധികയ്ക്ക് കാൻസറിനുള്ള മരുന്ന് നൽകിയതിനെ തുടർന്ന് ഇവർ മരിക്കുകയായിരുന്നു. നടുവേദനയ്ക്ക് നൽകിയത് ക്യാൻസറിനുള്ള മരുന്നായിരുന്നുവെന്ന് പിന്നീട് മറ്റൊരു ആശുപത്രിയിൽ നിന്നാണ് വ്യക്തമായത്. പരാതി നൽകിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പഴമ്പാലക്കോട് സ്വദേശി സാവിത്രിയാണ് ആശുപത്രിയുടെ അശ്രദ്ധയെ തുടർന്ന് മരിച്ചത്.
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെയാണ് ആശുപത്രിയ്ക്ക് എതിരെ ആരോപണങ്ങളുമായി നിരവധിപേർ എത്തുന്നത്.
2021 ഫെബ്രുവരി 5 നാണ് നടുവേദനയെ തുടർന്ന് സാവിത്രിയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ സാവിത്രിക്ക് മരുന്ന് മാറി നൽകി. ഇതോടെ ശരീരം മുഴുവൻ പുണ്ണ് വന്ന് ഗുരുതരാവസ്ഥയിലായി. ആഹാരം പോലും കഴിക്കാൻ പറ്റാതെയായി. ഒടുവിൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് മരുന്ന് മാറി നൽകിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.
മെത്തോട്രെക്സേറ്റ് എന്ന മരുന്നിനെ കുറിച്ചും പാർശ്വഫലത്തെ കുറിച്ചും ചികിത്സിച്ച ഡോക്ടറോട് കുടുംബം വിവരം തിരക്കിയപ്പോൾ പത്തുപേർക്ക് ഈ മരുന്ന് കൊടുക്കുമ്പോൾ അവരിൽ അഞ്ചുപേര് ജീവിക്കുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്യും. ഞങ്ങൾ എന്താണ് ചെയ്യുകയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. ഇതോടെ കുടുംബം കേസുമായി മുന്നോട്ട് പോയപ്പോൾ തങ്കം ആശുപത്രി അധികൃതർ ഒത്തു തീർപ്പിന് ശ്രമിച്ചുവെന്നും മരിച്ച സാവിത്രിയുടെ ഭർത്താവ് മോഹനൻ പറയുന്നു. അതേസമയം, ഈ കേസ് കൺസ്യൂമർ കോടതിയുടെ പരിഗണയിലാണെന്നും വിശദമായി പരിശോധിച്ച് പ്രതികരിക്കാമെന്നുമാണ് ആശുപത്രി മാനേജ്മെന്റ് പ്രതികരിച്ചത്.
Post Your Comments